
തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ പീടികപ്പാറയിൽ സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്നത് മലയോരവാസികളെ ഭീതിയിലാഴ്ത്തുന്നു. ജനവാസകേന്ദ്രങ്ങളിലടക്കം കാട്ടാനകൾ ഒറ്റയ്ക്കും കൂട്ടമായും െെസ്വരവിഹാരം നടത്തുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പീടികപ്പാറ അങ്ങാടിയുടെ സമീപംവരെ കാട്ടാനയെത്തി.
കർഷകരുടെ തെങ്ങ്, വാഴ തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു. മരത്തോട് പണിക്കുകുഴി ടോമിയുടെ തെങ്ങുകൾ, മകൻ മെൽബിന്റെ സ്കൂട്ടർ എന്നിവ നശിപ്പിച്ചു. കോഴിക്കോട് സ്വദേശി അനീഷിന്റെ കൃഷിഭൂമി ഉൾപ്പെടെ ഒട്ടേറെപേരുടെ കൃഷി ചവിട്ടിമെതിച്ച നിലയിലാണ്. മരത്തോട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറാണ് കാട്ടാന തകർത്തത്.

കഴിഞ്ഞ മേയിൽ തൊട്ടടുത്ത തേനരുവിയിൽ കാട്ടാനകൾ എത്തി വ്യാപകമായി വിളകൾ നശിപ്പിച്ചിരുന്നു. നഷ്ടപരിഹാരം ഉടൻ അനുവദിക്കുമെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇനിയും അനുവദിച്ചില്ലെന്ന് കർഷകർ പരാതിപ്പെട്ടു. മൂന്ന് ആനകളാണ് സ്ഥിരമായെത്തുന്നത്. രാത്രിസമയങ്ങളിലാണ് ഇവയെത്തുക. മലപ്പുറം ജില്ലാ അതിർത്തിയായ ഊർങ്ങാട്ടീരി കോനൂർകണ്ടി, മരത്തോട്, കൂന്താണിക്കാട്, പന്നിയാമല എന്നിവിടങ്ങളിലും കഴിഞ്ഞ മേയിൽ കാട്ടാനകളിറങ്ങി വ്യാപകമായി വിളകൾ നശിപ്പിച്ചിരുന്നു. നിലമ്പൂർ വനമേഖലയിൽനിന്നുള്ള കാട്ടാനകളാണ് ജില്ലാ അതിർത്തികടന്നെത്തുന്നത്. കൊടുമ്പുഴ ഫോറസ്റ്റ് സെക്‌ഷൻ അധീനതയിൽപെടുന്ന അതിർത്തി പ്രദേശങ്ങളിൽ സൗരോർജവേലികളില്ല. ഈ വഴിയാണ് കാട്ടാനകൾ എത്തുന്നതെന്ന് പീടികപ്പാറ സെക്‌ഷൻ ഓഫീസർ എ. പ്രസന്നകുമാർ പറഞ്ഞു.
ജില്ലാ അതിർത്തിയിൽ സൗരോർജവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും കർഷകർക്ക് നഷ്ടപരിഹാരത്തുക ഫണ്ട് ലഭ്യമാകുന്നമുറയ്ക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു



