
അതിജീവനം.. 3. കല്യാണത്തിന് ആരോ സമ്മാനമായി കൊടുത്ത വാച്ച് മേശപ്പുറത്ത് നിന്നെടുത്ത് റസീന സമയം നോക്കി.. പതിനൊന്ന് മണി കഴിഞ്ഞിരിക്കുന്നു.. തന്റെ പ്രിയതമൻ ഉറങ്ങിയെന്ന് റസീന മനസ്സിലാക്കി.. അവൾ കട്ടിലിന്റെ സൈഡിൽ തന്റെ ഭർത്താവിനെ സ്പർശിക്കാത്ത വിധത്തിൽ കിടന്നു.. അവൾക്ക് ഉറക്കം വന്നില്ല.. ഇരുനിറമാണെങ്കിലും ഉന്തി നിൽക്കുന്ന സ്തനങ്ങളും നിതംബവും ഇടതൂർന്ന നീണ്ട മുടിയും മൻപേടക്കണ്ണുകളുമുള്ള റസീന ഒരു സുന്ദരിയായിരുന്നു.. അതുകൊണ്ടും കൂടിയാണല്ലോ ഒരുപാട് കാമ കണ്ണുകൾക്ക് അവൾ ഭയപ്പെടേണ്ടി വന്നത്. പുരുഷ കുലത്തെ തന്നെ വെറുത്തു പോയത്.. നോട്ടം കൊണ്ടും പ്രവർത്തികൊണ്ടും കാമം തലയ്ക്കുപിടിച്ച് ആർത്തി പൂണ്ട് നടക്കുന്ന പുരുഷന്മാർക്കിടയിൽ, സുന്ദരിയായ തന്റെ ഭാര്യയെ തൊടാൻ നാണമാണ് എന്ന് പറഞ്ഞ് കിടന്നുറങ്ങുന്ന തന്റെ ഭർത്താവിനെ റസീന ആശ്ചര്യത്തോടെ നോക്കി..
കാമത്തിലൂടെ ജനിച്ച്, അവളുടെ ജനനം അങ്ങനെയായിരുന്നല്ലോ?, കാമ കണ്ണുകളെ വെറുത്ത്, കാമം എന്ന വികാരത്തെയും അവൾ വെറുത്ത് തുടങ്ങിയിരുന്നു.. ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലൊന്നും ആയിരുന്നില്ല റസീനായെങ്കിലും തന്റെ ഭർത്താവ് തന്റെ ദേഹത്ത് തൊടുന്നത് നാണമാണെന്നും പറഞ്ഞ് കിടന്നുറങ്ങുന്നത് അവളെ തെല്ലൊന്ന് ഭയപ്പെടുത്തി, എന്തൊക്കെയോ ചിന്തിപ്പിച്ചു..താനല്ലേ അനാഥ?, ആരോരുമില്ലാത്തവൾ, പക്ഷേ തന്റെ ഭർത്താവിന് എല്ലാവരും ഉണ്ടല്ലോ?, അവിടുത്തെ കല്യാണം, പന്തല് കെട്ടി തോരണം തൂക്കി ആളുകളെ ക്ഷണിച്ച് അവർക്ക് ഭക്ഷണം കൊടുത്ത് ആളും ബഹളവുമൊഒക്കെ ആയിരിക്കുമെന്ന് ചിന്തിച്ച് വീട്ടിലെത്തിയ റസീനയെ സ്വീകരിക്കാൻ കബീറിന്റെ ഉപ്പയും ഉമ്മയും മറ്റ് നാലഞ്ചുപേരും അല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.. ഉമ്മ അവളെ കൈപിടിച്ച് അകത്തേക്ക് കയറ്റി.. ചെറിയ രണ്ട് മുറികളും ഒരു ഹാളും അടുക്കളയും അടങ്ങുന്നതായിരുന്നു ആ വീട്.. മണിയറ അലങ്കരിച്ചതായൊന്നും റസീന അവിടെ കണ്ടില്ല.. പ്രതീക്ഷിച്ചാലല്ലേ നിരാശപ്പെടേണ്ടതുള്ളൂ?..
റസീനക്ക് അതൊന്നും ഒരു വിഷമമായി തോന്നിയില്ല.. കബീറും കബീറിന്റെ ഉപ്പയും ഉമ്മയും അനിയനും അനിയത്തിയും അടങ്ങുന്നതായിരുന്നു ആ കുടുംബം..വീട്ടുകാരും റസീനയും പരസ്പരം സംസാരിച്ചിരുന്നു..കബീർ അവളോട് സംസാരിക്കാൻ നിൽക്കാതെ മാറി നിന്നു.. റസീന കബീറിനെ കൂടെക്കൂടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..തനിക്കും സ്വന്തമെന്നും ബന്ധമെന്നും പറയാൻ ആരൊക്കെയോ ആയിരിക്കുന്നല്ലോ എന്ന് റസീന ആശ്വസിച്ചു..ഇശാഹ് നിസ്കാരത്തിനു ശേഷം ഭക്ഷണം കഴിച്ച് റസീനയെയും കബീറിനെയും അവരുടെ മുറിയിലേക്കാക്കി അവരെല്ലാം കിടന്നു..കബീർ റസീനയോട് സംസാരിക്കാൻ നാണിച്ചു നിന്നു.. റസീനക്ക് എന്തു പറയണമെന്നോ എന്ത് ചെയ്യണമെന്നോ അറിയില്ലായിരുന്നു.. അടുത്തടുത്ത മുറികളായതിനാൽ എന്ത് സംസാരിച്ചാലും അടുത്ത മുറിയിലുള്ളവർ കേൾക്കും, ആ ഒരു ചിന്ത റസീനയെ ഒന്നും പറയാൻ അനുവദിച്ചില്ല.. ആ കാലത്ത് ഒരാണും പെണ്ണും സംസാരിക്കുക എന്നൊക്കെ പറഞ്ഞാൽ മോശമായ ഒരു കാര്യമായിട്ടായിരുന്നു സമൂഹം കണ്ടിരുന്നത്.. ആ ഒരു അന്തരം കാമിതാക്കൾ പോലും പാലിച്ചിരുന്നു.. ആ ഒരു സംസ്കാരത്തിന്റെ ഭാഗമായ കബീറും മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നത് നാണക്കേടായി കരുതിയിരുന്നുവെന്ന്, സ്വന്തം ഭാര്യയായ തന്നെ ഒന്ന് തൊടാനോ സംസാരിക്കാനോ കഴിയാതെ നാണിച്ചു നിൽക്കുന്ന കബീറിനെ കണ്ടപ്പോൾ റസീനക്ക് തോന്നി.. പരസ്പരം ഒന്ന് സ്പർശിക്കാതെയും ഒന്നും സംസാരിക്കാതെയും അവർ കട്ടിലിന്റെ രണ്ടു വശങ്ങളിലായി കിടന്നു.. കബീർ ഉറങ്ങിയിരിക്കുന്നു.. എന്തൊക്കെയോ ആലോചിച്ച് എപ്പോഴോ റസീനയും ഉറങ്ങി..
അവരുടെ ആദ്യരാത്രിയായിരുന്നുവത്.. റസീന വീട്ടുകാരെയും അവരുടെ അവസ്ഥയും പെട്ടെന്ന് മനസ്സിലാക്കി.. അന്തർമുഖനായ ഉപ്പ, ബഷീർ ഹാജിയുടെ തോട്ടം തൊഴിലാളിയാണ്. ജോലി, കുടുംബം എന്നല്ലാതെ മറ്റൊരു അറിവോ ചിന്തയോ അദ്ദേഹത്തിനില്ല.. ഉമ്മക്ക് വിദ്യാഭ്യാസത്തിന്റെയും വിവരത്തിന്റെയും കുറവ് വേണ്ടുവോളം ഉണ്ട്. ഇടയ്ക്കിടയ്ക്ക് അത് മറ്റുള്ളവരുടെ മുമ്പിൽ പ്രകടിപ്പിക്കുകയും ചെയ്യും.. വായിൽ തോന്നിയത് വിളിച്ചുപറയും..അനിയൻ പത്താം ക്ലാസിലും അനിയത്തി നാലാം ക്ലാസിലും പഠിക്കുന്നു.. ഉപ്പയുടെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞുപോകുന്നത്..റസീന അവരെപ്പറ്റി എല്ലാം മനസ്സിലാക്കി.. നാലഞ്ചു വീടുകൾ അടുത്തടുത്തുള്ള ആ പാടിയിലെ എല്ലാവരുമായി റസീന പെട്ടെന്നടുത്തു..അവൾ കൂടുതൽ അടുത്തത് റബ്ബർ തോട്ടത്തിന്റെ അതിരിനോട് ചേർന്ന് താമസിക്കുന്ന റിട്ടയർ അധ്യാപകനും അധ്യാപികയുമായ വേലായുധൻ സാറും സരോജിനി ടീച്ചറും ആയിട്ടായിരുന്നു.. അവർക്ക് രണ്ട് പെൺകുട്ടികൾ, രണ്ടുപേരും വിവാഹം കഴിഞ്ഞ് ഭർത്താക്കന്മാർക്കൊപ്പം താമസിക്കുന്നു.. അവരും അധ്യാപികമാരാണ്.. അവരൊക്കെ തന്നെ വീട്ടിലെ ഒരു അംഗമെന്നപോലെ സ്നേഹിക്കുന്നതായി റസീനക്ക് തോന്നി..ജീവിതത്തിൽ ഇതുവരെയും ഒരിടത്തുനിന്ന് പോലും ഒരു പരിഗണനയും ലഭിക്കാത്തവളായിരുന്നല്ലോ അവൾ..ദിവസങ്ങൾ കഴിഞ്ഞുപോയി.. കബീറിന് റസീനയോട് സംസാരിക്കാനുള്ള മടിയും ബുദ്ധിമുട്ടും ഇല്ലാതായി..അവർ മുട്ടിയുരുമ്മി കിടക്കാറുമായി.. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളമായി.. തൊട്ടടുത്ത പാടിയിലെ ദേവകി ചേച്ചിയുടെ മകൾ റസീനയെക്കാളും രണ്ടോ മൂന്നോ വയസ്സിന് മൂപ്പുള്ള ഒരു കുട്ടിയുടെ അമ്മയുമായ സുനിതയെ കബീറിന്റെ ഉമ്മ അവരുടെ ലൈംഗിക ജീവിതം എങ്ങനെയാണെന്ന് ചോദിച്ചറിയാൻ ഏൽപ്പിച്ചു.. അവളത് റസീനയോട് ചോദിച്ചു..”കല്യാണം കഴിഞ്ഞിട്ട് ഒരു മാസത്തോളമായില്ലേ?, വിശേഷം വല്ലതും ആയോ?”..
റസീന മറ്റൊന്നും ചിന്തിക്കാതെ അതിന് മറുപടിയും പറഞ്ഞു..”മൂപ്പർക്ക് അതിൽ വലിയ താല്പര്യമൊന്നുമില്ല, എനിക്കും”.. സുനിത അത് അവളുടെ ഉമ്മയോട് പറഞ്ഞു. അവളുടെ കൂട്ടുകാരി നബീസുവിനോടും. നബീസു നബീസുവിന്റെ ഭർത്താവ് ജബ്ബാറിനോടും .. ദിവസങ്ങൾക്കുള്ളിൽ തന്നെ ആ ചുറ്റുവട്ടത്തുള്ള എല്ലാവരും അതറിഞ്ഞു.. ഒരു മാസമായിട്ടും ഒന്നും നടന്നില്ല എന്നറിഞ്ഞ കബീറിന്റെ ഉമ്മ, അവനല്ലേ സുഖമില്ലാത്തത്? നിനക്ക് അസുഖം ഒന്നുമില്ലല്ലോ?, നീയല്ലേ അതിന് മുൻകൈ എടുക്കേണ്ടത്? എന്നൊക്കെ പറഞ്ഞ് റസീനയെ കുറ്റപ്പെടുത്തി.. സുനിതയോട് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് റസീനയ്ക്ക് തോന്നി..ലൈംഗികത, ദാമ്പത്യ ജീവിതത്തിൽ ഇത്രയ്ക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണോ?, പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കാൻ ലൈംഗികത കുടിയേ തീരൂ എന്നുണ്ടോ?, റസീന സ്വയം ചോദിച്ചു.. കബീറൊരു ഷണ്ഡനാണ് എന്ന് ആളുകൾ ചിന്തിച്ചത് കൊണ്ടാവാം, അവൾക്കും ആഗ്രഹം കാണില്ലേ?, അവളും ഒരു പെണ്ണല്ലേ?, എന്നൊക്കെ ചിന്തിച്ച് പല മാന്യന്മാരും റസീനയെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങി.. മുമ്പ് അവൾ കണ്ട് പരിചയിച്ച കാമുകണ്ണുകൾ വീണ്ടും എവിടെയൊക്കെയോ പ്രത്യക്ഷപ്പെട്ടു തുടങ്ങി.. തന്റെ ചുറ്റുപാടുള്ളവർക്കെല്ലാം തന്റെ ആദ്യകാല ജീവിതം അറിയാമെന്നും അതിനെപ്പറ്റി അവരാരും തന്നോട് സംസാരിക്കാതിരുന്നതാണെന്നും റസീന മനസ്സിലാക്കി.. റസീന അവളുടെ വിഷമങ്ങളെല്ലാം അവൾ സരോജിനി ടീച്ചറോട് പറഞ്ഞു.. ടീച്ചർ അവളോട് പറഞ്ഞു,”ഞങ്ങളിവിടെ വരുമ്പോൾ കബീറിന് പത്തോ പന്ത്രണ്ടോ വയസ്സാണ്. ഇവിടുത്തെ രണ്ടാമത്തെ മകൾ രേണുകയും അവനും ഒരുമിച്ചാണ് നാലാം ക്ലാസ് വരെ പഠിച്ചത്. എന്റെ ഈ മുറ്റത്ത് കളിച്ചാണ് അവൻ വളർന്നത്. അവന് നിങ്ങളൊക്കെ ചിന്തിക്കുന്നതുപോലെ പ്രശ്നങ്ങളൊന്നുമില്ല. ഉത്തരവാദിത്വ കുറവാണ് അവന്റെ ഏക പ്രശ്നം. തങ്ങൾമാരെയും മൊയ്ല്യാന്മാരെയും എല്ലാം കാണിച്ചതിനുശേഷമാണ് അവനെ ഒരു സൈക്യാട്രിസ്റ്റിനെ കൊണ്ട് കാണിക്കുന്നത്, ഞാനും വേലായുധേട്ടനും കുഞ്ഞമ്മതും ചേർന്നായിരുന്നു അവനെ ഡോക്ടറെ കൊണ്ട് പോയി കാണിച്ചത്. ഡോക്ടർ അവന് മരുന്നൊന്നും കുറിച്ചില്ല, ശിക്ഷണത്തിലൂടെ അവൻ പതുക്കെ പതുക്കെ ശരിയാകും എന്നാണ് പറഞ്ഞത്”..”കുഞ്ഞമ്മദ് അവനെ സുഖമില്ലാത്തവനാണ്, പാവമാണ് എന്നൊക്കെ കരുതി അവനെക്കൊണ്ട് ഒന്നും ചെയ്യിപ്പിച്ചില്ല.
ഖദീജാക്ക് ( കബീറിന്റെ ഉമ്മ) അവനെ ശ്രദ്ധിക്കാൻ അറിയില്ലായിരുന്നു. അവൾ അതിന് ശ്രമിച്ചതുമില്ല”.. സരോജിനി ടീച്ചറുടെ വർത്തമാനം കേട്ടുകൊണ്ട് വേലായുധൻ സാർ അങ്ങോട്ട് കയറി വന്നു..”മോളെ, അവൻ പാവമാണ്. സ്നേഹിക്കാൻ മാത്രമേ അറിയൂ. അത് തന്നെയാണ് അവന്റെ പ്രശ്നവും. നിനക്ക് അവനെ മാറ്റിയെടുക്കാൻ പറ്റും. അവനെ ഓരോ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക, എന്തെങ്കിലും ജോലി ചെയ്യാൻ ശീലിപ്പിക്കുക. നീനക്ക് അവനെ സ്നേഹിച്ച് ഇതെല്ലാം അനുസരിപ്പിക്കാൻ കഴിയും. പതുക്കെ പതുക്കെ അവൻ നീ ആഗ്രഹിച്ച പോലെയുള്ള ഒരാളാകും. അത് ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ ഒക്കെ ആകാം. നിന്റെ ഇടപെടലിനനുസരിച്ചായിരിക്കും അത്”.. അവര് സംസാരിച്ചിരുന്നതെല്ലാം കേട്ടിരുന്ന വേലായുധൻ സാർ ആധികാരികമായി റസീനയോട് പറഞ്ഞു..”പിന്നെ ലൈംഗികതയുടെ കാര്യം?, അത് നീ തന്നെ മുൻകൈയെടുക്കണം. അതിനെന്തൊക്കെയാണ് ചെയ്യേണ്ടതെന്ന്, നാളെ രേവതി ( വേലായുധൻ സാറിന്റെ മൂത്ത മകൾ, അധ്യാപിക, രണ്ടു കുട്ടികളുടെ അമ്മ) വരുന്നുണ്ട് അവളോട് ഞാൻ നിന്നോട് സംസാരിക്കാൻ പറയാം”.. റസീനക്ക് അവരോട് സംസാരിച്ചതിനു ശേഷം തന്റെ വിഷമങ്ങളെല്ലാം ഇല്ലാതാകുന്നതായി തോന്നി. തനിക്കെന്തൊക്കെ ചെയ്യാനുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തു..ഡോക്ടർ പറഞ്ഞതിലും കൂടുതൽ അവർക്ക് കബീറിനെ പറ്റി അറിയാമെന്ന് റസീന മനസ്സിലാക്കി.. അടുത്തദിവസം റസീനയുടെ തിരക്കെല്ലാം കഴിഞ്ഞ് അവൾ രേവതി ടീച്ചറെ കാണാനായി പോയി..
ടീച്ചറും അവളും വീടിന്റെ കിഴക്ക് വശത്തുള്ള മാവിൻ ചോട്ടിലിരുന്ന് ഒന്നൊന്നര മണിക്കൂറോളം സംസാരിച്ചു.. ഒരു പുരുഷനെ വശീകരിക്കാൻ എന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്യാൻ അവൾ തീരുമാനിച്ചു..രണ്ടുമൂന്ന് മാസത്തിനുശേഷം അവിടെ ആ അത്ഭുതം സംഭവിച്ചു, റസീന ഗർഭിണിയായിരിക്കുന്നു.. തുടരും.. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം Sidhique Patta..



