
1.അറസ്റ്റിലായ അഭിലാഷ് 2.മർദനമേറ്റു മരിച്ച സെബാസ്റ്റ്യൻ
തിരുവമ്പാടി: മുത്തപ്പൻപുഴ പുളിക്കൽ സെബാസ്റ്റ്യനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അഭിലാഷിനെ (37)തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ ഒന്നിന് ആണ് സംഭവം. മദ്യപിച്ചെത്തിയ മകൻ സ്വത്ത് ആവശ്യപ്പെട്ട് പിതാവ് സെബാസ്റ്റ്യനെയും (76) മാതാവ് മേരിയെയും (75) മർദിച്ചു എന്നാണ് പരാതി.
അവശരായ വൃദ്ധദമ്പതികളെ, അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമ പഞ്ചായത്ത് അധികൃതരും ജനമൈത്രി പൊലീസും ചേർന്ന് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. സെബാസ്റ്റ്യൻ 14ന് മെഡിക്കൽ കോളജിൽ മരിച്ചു.
തലയ്ക്ക് ഏറ്റ മർദനത്തെത്തുടർന്ന് ഉണ്ടായ ന്യുമോണിയ കാരണമാണ് മരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഏകമകനാണ് അഭിലാഷ്.മറ്റ് ബന്ധുക്കൾ ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന മേരിയെ വിൻസെന്റ് ഡിപോൾ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്ത് താമരശ്ശേരി കാരാടി മൗണ്ട് ഹെർബ് കെയർ സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിനെ മർദിച്ചതിനു ആദ്യം കേസ് എടുത്ത പൊലീസ് സെബാസ്റ്റ്യന്റെ മരണശേഷം അസ്വാഭാവിക മരണത്തിനു മറ്റൊരു കേസ് എടുക്കുകയായിരുന്നു. ഇത് അഭിലാഷിനെ രക്ഷിക്കാനുള്ള രാഷ്ട്രീയ ഇടപെടൽ കൊണ്ടാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.



