LOCAL NEWSNews

കക്കയത്ത് ഭീതി വിതച്ച്‌ കാട്ടാനകള്‍

കൂരാച്ചുണ്ട്: പഞ്ചായത്തിലെ നാലാം വാർഡ് കക്കയം മേഖലയിലെ വിവിധ ഭാഗങ്ങളിലെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളില്‍ നാശം വിതച്ച്‌ കാട്ടാനകള്‍. നാളുകളായി മുപ്പതാംമൈല്‍, തൂവ്വക്കടവ്, കക്കയം പോസ്റ്റ് ഓഫീസിന് സമീപം എന്നിവിടങ്ങളിലാണ് കാട്ടാനകള്‍ ജനങ്ങളില്‍ ഭീതി വിതച്ച്‌ കൃഷി വിളകള്‍ നശിപ്പിക്കുന്നത്.

കക്കയം പോസ്റ്റ് ഓഫീസ് മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കർഷകരായ മരുതോലില്‍ ജോയി, മരുതോലില്‍ ജോണി എന്നിവരുടെ തെങ്ങുകള്‍ കാട്ടാന നശിപ്പിച്ചു. വനാതിർത്തിയില്‍ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിംഗ് കാര്യക്ഷമമല്ലാത്തതാണ് ഈ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നത്. വാർഡ് മെമ്പർ ഡാർലി ഏബ്രഹാം സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ മുപ്പതാം മൈല്‍, തൂവ്വക്കടവ് ഭാഗങ്ങളിലും കാട്ടാനകള്‍ വ്യാപകമായ കൃഷി നാശമാണ് വരുത്തിയത്. സമീപ പ്രദേശമായ കല്ലാനോട് ഭാഗത്തും കാട്ടാനകളെത്തി നാശനഷ്ടം വരുത്തിയിരുന്നു. കാട്ടാന പ്രവേശിക്കുന്നത് തടയാൻ ഡാം റിസർവോയറിന് അതിർത്തികളില്‍ ഫെൻസിംഗ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കാത്തതില്‍ കർഷകർക്ക് അതൃപ്തിയുണ്ട്.

കൃഷിക്കൊപ്പം ജീവനുപോലും ഭീഷണിയായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ജീവിതം നയിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തര നടപടി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കാട്ടാനയിറങ്ങി നാശനഷ്ടം വരുത്തിയ കല്ലാനോട് മുണ്ടിയാനി കോളനിഭാഗം സ്ഥലം എംഎല്‍എ കെ.എം. സച്ചിൻദേവ് സന്ദർശിച്ചു. കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ സി. വിജിത്ത്, കെ.ജി. അരുണ്‍, വി.ജെ. സണ്ണി, കെ.ജെ. തോമസ്, ഇ.എം. അവറാച്ചൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.ഈ മേഖലകളില്‍ വനം വകുപ്പിന്‍റെ രാത്രികാലങ്ങളിലെ പട്രോളിംഗ് ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായും കൂരാച്ചുണ്ട് പഞ്ചായത്തില്‍ ആന ഇറങ്ങുന്ന 26 കിലോമീറ്റർ ദൂരത്തില്‍ ഹാംഗിംഗ് ഫെൻസിംഗ് സർക്കാർ അനുവദിച്ചതായും ഇത് ഉടൻ പൂർത്തിയാകുമെന്നും ഇതോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും എംഎല്‍എ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com