മുൻ കരാറുകാരന്റെ അനാസ്ഥ;റോഡിന്റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കി ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്നു

തിരുവമ്പാടി : അഗസ്ത്യൻമൂഴി കൈതപ്പൊയിൽ റോഡിൽ കറ്റ്യാട് ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി പൊളിച്ചു മാറ്റി ഓവുചാൽ നിർമ്മാണം പുരോഗമിക്കുന്നു. പഴയ കരാറുകാരന്റെ അശാസ്ത്രീയമായ റോഡ് അലൈന്റ്മെന്റാണ് ഏതാണ് 75 മീറ്ററോളം നീളത്തിലും ആറടി പൊക്കത്തിലുമുള്ള സംരക്ഷണഭിത്തി പൊളിച്ചു മാറ്റി അത്രയും പൊക്കത്തിൽ കോൺക്രീറ്റ് ഓവുചാലിന്റെ നിർമ്മാണം അനിവര്യമാക്കിയത്.
കറ്റ്യാട് ജംഗ്ഷനിൽ തിരുവമ്പാടി ആനക്കാംപൊയിൽ റോഡിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന ഓവുചാലിലൂടെ വരുന്ന വെള്ളം 75 മീറ്റർ അകലെയുള്ള കലുങ്കിലേക്ക് എത്തിക്കുന്നതിനാണ് കോൺക്രീറ്റ് ഓവു ചാൽ നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്കാണ് നിർമ്മാണ ചുമതല. സംരക്ഷണഭിത്തിയുടെ നിർമ്മാണ കാലഘട്ടത്തിൽ തന്നെ ഇതിന്റെ അശാസ്ത്രീയത സംബന്ധിച്ച് നാട്ടുകാരുടെ ഭാഗത്തു നിന്ന് പരാതി ഉയർന്നിരുന്നു. അന്ന് അധികൃതർ ശ്രദ്ധച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഈ പുനർ നിർമ്മാണം ഒഴിവാക്കാമായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു



