
നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപട്ടികയിൽ ഉള്ളത് 1080 പേർ. ഇന്ന് 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ 297 പേരുണ്ട്. ഇന്ന് നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്കപട്ടികയിൽ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ നിലവിൽ 153 പേരാണ് ഉള്ളത്. റീജിയണൽ വി ആർ ഡി ലാബിൽ ഇന്ന് ലഭിച്ചത് 22 സാമ്പിളുകളാണ്. കോൾ സെന്ററിൽ ഇന്ന് 168 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 671 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. ഇതുവരെ 180 പേർക്കാണ് മാനസിക പിന്തുണ നൽകിയത്. ആവശ്യത്തിന് മരുന്നുകൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 62 എണ്ണം ഒഴിവുണ്ട്. ആറ് ഐ സി യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒൻപത് മുറികളും അഞ്ച് ഐ സി യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ഏഴ് മുറികൾ വീതവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 10714 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 15,633 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.
നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടുനിപ സ്ഥിരീകരിച്ച 39 വയസ്സുകാരനായ ചെറുവണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ എട്ടിന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിൽ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് 12.30ന് ചെറുവണ്ണൂർ ജമാഅത് മസ്ജിദിലെത്തി. ഉച്ചക്ക് യു കെ ചായക്കടയിലും വൈകീട്ട് 5.30ന് അഴിഞ്ഞിലത്തുള്ള ഭാര്യയുടെ വീട്ടിലും സന്ദർശനം നടത്തി. ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തി.സെപ്റ്റംബർ ഒമ്പതിന് ചെറുവണ്ണൂരിലെ റാംകോ സിമന്റ് ഗോഡൗണിലെത്തുകയും ഉച്ചയ്ക്ക് ശേഷം ഫറോക്കിലെ ടി പി ആശുപത്രി സന്ദർശിക്കുകയും ചെയ്തു. അവിടുന്ന് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോയ ശേഷം വൈകിട്ട് 5.30 മുതൽ 6 മണി വരെ ഫറോക്കിലെ ടി പി ആശുപത്രിയിൽലെത്തി. അവിടുന്ന് തിരിച്ച് വീട്ടിലേക്ക് പോയി. സെപ്റ്റംബർ 10 ന് വീട്ടിൽ തന്നെയായിരുന്നു അദ്ദേഹം.സെപ്റ്റംബർ 11ന് രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 12 മണിക്ക് ഇടയിൽ ഫറോക്കിലെ ടി പി ആശുപത്രിയിൽ ചെലവഴിച്ച് വീട്ടിൽ തിരിച്ചെത്തി. അന്നേ ദിവസം രാത്രി 9.20 മുതൽ സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12 മണി വരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിൽ ചെലവഴിച്ചു. സെപ്റ്റംബർ 14ന് ഉച്ചയ്ക്ക് 12.30 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



