ENTERTAINMENTLOCAL NEWSNews

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കം

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ (കെ.എൽ.എഫ്) എട്ടാമത് എഡിഷന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. കേരളത്തിൽ ഇപ്പോൾ വിവിധങ്ങളായ സാഹിത്യോത്സവങ്ങൾക്ക് മാതൃകയും പ്രചോദനവുമായി കെ.എൽ.എഫ് മാറിയെന്നും യുവാക്കൾ പുസ്തകവായനയെ സാമൂഹമാധ്യമങ്ങളിലൂടെ ആഘോഷമാക്കുന്നുണ്ടെന്നും സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായനാശീലം കൂടുതൽ ഊർജത്തോടെ തിരിച്ചുവരുന്നതായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടകസമിതി ചെയർമാൻ എ. പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു. തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. നടൻ നസ്റുദ്ദീൻ ഷാ, നോർവീജിയൻ അംബാസിഡർ എച്ച്. ഈ മെയ്‌-എലിൻ- സ്റ്റേനെർ , ബുക്കർ പ്രൈസ് ജേതാക്കളായി ജെന്നി ഏർപെൻബെക്ക് , ജോർജി ഗോസ്‌പോഡിനോവ്, നടൻ പ്രകാശ് രാജ്, രവി ഡി.സി, എ.കെ അബ്ദുൽ ഹക്കീം എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളയും എഴുത്തിനെയും വിലയിരുത്തി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ആദ്യ സെഷൻ ‘എം.ടി. എന്ന അമ്പത്തൊന്നക്ഷരം’ നടന്നു. സ്വയം നിരന്തരം പുതുക്കിയ എഴുത്തുകാരനാണ് എം.ടിയെന്ന് കെ. സച്ചിദാനന്ദൻ പറഞ്ഞു.

‘കവിതയുടെ വേരുകൾ’ സെഷനിൽ ബി. ജയമോഹൻ, കവി വീരാൻകുട്ടി എന്നിവർ സംസാരിച്ചു. ചരിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെയും അധികാരം നിഷേധിക്കപ്പെട്ടവരുടെയും ചരിത്രം രേഖപ്പെടുത്തുന്നതാണ് ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന്റെ ഉദ്ദേശമെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. നോവൽ ചലച്ചിത്രമാകുകയാണെങ്കിൽ ആരെയാണ് നടനാക്കുക എന്ന ചോദ്യത്തിന് ഫ്രാൻസിസ് ഇട്ടിക്കോരയായി മമ്മൂട്ടിയെ സങ്കല്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയാള സാഹിത്യത്തിൽ നിന്നുമുള്ള കൃതികൾക്ക് ലോകസാഹിത്യമെന്ന നിലയിലേക്കുയരുവാൻ എത്രത്തോളം സാധിച്ചു എന്നതിനെക്കുറിച്ച് സാഹിത്യ വിമർശകൻ രാഹുൽ രാധാകൃഷ്ണൻ മോഡറേറ്റ് ചെയ്ത ചർച്ചയിൽ ഇ. സന്തോഷ്കുമാർ, എഴുത്തുകാരി ഇ.വി ഫാത്തിമ, എൻ.ഇ സുധീർ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച സംവിധായകൻ മണിരത്നം, നടൻ പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്ന സെഷനുകൾ കെ.എൽ.എഫിൽ അരങ്ങേറും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com