കൊടുവള്ളി സ്വദേശിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

കോഴിക്കോട്: കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്നയാളെ ദേഹത്ത് മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
കൊടുവള്ളി വലിയപറമ്പ് സ്വദേശി തണ്ണിക്കുണ്ടുങ്ങൽ ഷൗക്കത്തിനെ (48) മുൻ വിരോധം വെച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയും തെങ്ങുകയറ്റ തൊഴിലാളിയും തമിഴ്നാട് സ്വദേശിയുമായ മണിയെയാണ് (മണിവണ്ണൻ) കോഴിക്കോട് രണ്ടാം അഡീഷനൽ ജില്ല ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം രണ്ടുവർഷം കൂടി അധിക തടവ് അനുഭവിക്കണം. 2022 മാർച്ച് 12ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് ഇന്റർനാഷനൽ ലോഡ്ജിന് സമീപമുള്ള കടവരാന്തയിലായിരുന്നു കൊലപാതകം.
മണിയുടെ കൈവശമുണ്ടായിരുന്ന മദ്യവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ഷൗക്കത്തും മണിയും തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടാവുകയും ചെയ്തിരുന്നു. ഈ വിരോധത്തിൽ ഷൗക്കത്ത് രാത്രി സ്ഥിരമായി കിടക്കുന്ന കടവരാന്തയിലെത്തി കൈവശം സൂക്ഷിച്ച മദ്യം ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഷൗക്കത്ത് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
സ്ഥലത്തുനിന്ന് ട്രെയിൻ മാർഗം രക്ഷപ്പെട്ട പ്രതിയെ തലശ്ശേരിയിൽനിന്നും ടൗൺ പൊലീസാണ് അറസ്റ്റുചെയ്തത്. അന്നത്തെ ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ്, ജയശ്രീ, മുഹമ്മദ് സബീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിനിൽ, പ്രബീഷ്, അനൂജ്, സജീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു, ജിതേന്ദ്രൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.