INFORMATIONKODANECHERYLOCAL NEWSNews

കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് യാഥാർഥ്യമായി

തിരുവമ്പാടി : മലയോര ഹൈവേയുടെ കോടഞ്ചേരി-കക്കാടംപൊയിൽ റീച്ച് ഗതാഗതസജ്ജം. ഫെബ്രുവരി 15-ന് വൈകുന്നേരം നാലിന് കൂടരഞ്ഞിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് നാടിന് സമർപ്പിക്കും. ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനാകും. 34.3 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്ക് 12 മീറ്റർ വീതിയുണ്ട്. ബി.എം. ആൻഡ് ബി.സി. നിലവാരത്തിലാണ് ടാറിങ് നടത്തിയത്. കൊരുപ്പുകട്ടകൾ വിരിക്കൽ, ലൈറ്റ് ഫിറ്റിങ് ഉൾപ്പെടെയുള്ള അന്തിമ മിനുക്കുപണികൾ നടന്നുവരുന്നു. ഇരുവശങ്ങളിലും ഓടകൾ, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നുപോകുന്നതിനുള്ള കോൺക്രീറ്റ് ഡക്ടുകൾ, കാര്യേജ് വേ, പ്രധാനകവലകളിൽ കൊരുപ്പുകട്ടകൾ പാകിയ നടപ്പാതകൾ, സൗരോർജ വിളക്കുകൾ, സിഗ്നൽ ലൈറ്റുകൾ, വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയവയടങ്ങിയതാണ് പാത. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ നെല്ലിപ്പൊയിൽ എൽ.പി. സ്കൂൾ ക്ലാസ്റൂമുകളുൾപ്പെടെ പുനർനിർമിച്ചിട്ടുണ്ട്. കൂമ്പാറ ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമാണം നടക്കുന്നു.

സംസ്ഥാനസർക്കാരിന്റെ അഭിമാനപദ്ധതികളിലൊന്നാണ് മലയോര ഹൈവേ. കാസർകോട് നന്ദാരപ്പടവുമുതൽ തിരുവനന്തപുരം പാറശ്ശാലവരെ നീളുന്നതാണ് പാത. ജില്ലയിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ വരുന്ന കോടഞ്ചേരി, പുലിക്കയം, നെല്ലിപ്പൊയിൽ, എലന്തുകടവ്, പുല്ലൂരാംപാറ, പുന്നക്കൽ, കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജങ്ഷൻ, കൂമ്പാറ, മേലേ കൂമ്പാറ, താഴെ കക്കാട്, കക്കാടംപൊയിൽ വഴിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരുമായി ബന്ധിക്കും. 155 കോടിക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കരാറുകാർ. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ അലൈൻമെന്റ് തയ്യാറാക്കാതിരുന്ന മേലെ കൂമ്പാറ-ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് ഗ്രാമീണറോഡിലുൾപ്പെടുത്തി ഉടൻ നവീകരിക്കും. ഇതിനായി കിഫ്ബി 26.25 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ചെങ്കുത്തായ കുന്നിൻമണ്ടയിലൂടെ കടന്നുപോകുന്നതുമൂലമാണ് 7.200 മീറ്റർ ദൈർഘ്യമുള്ള ഈ ഭാഗം വില്ലേജ് റോഡിൽ ഉൾപ്പെടുത്തേണ്ടിവന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com