KERALA NEWSNews

ദേശീയപാത ആറ് വരിയാക്കൽ: ജില്ലയിലെ നിർമ്മാണ പ്രവൃത്തികൾ 2024 -ഓ‌ടെ പൂർത്തിയാക്കും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാ​ഗമായി ജില്ലയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ 2024 -ഓ‌ടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൊണ്ടയാ‌ട് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ​സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സർക്കാരാണ് രാജ്യത്ത് ആദ്യമായി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക ചെലവഴിക്കാൻ തയ്യാറായതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ വിവാദമുണ്ടാക്കി വികസനം മുടക്കുകയല്ല, മറിച്ച് ചർച്ചകളിലൂടെ വികസനം എത്രയും വേ​ഗത്തിൽ നടപ്പാക്കുകയാണ് വേണ്ടത്.  ഇതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ദേശീയപാത വികസനത്തിൽ കേരളം സ്വീകരിച്ച നിലപാടിനെ കേന്ദ്രമന്ത്രി നിധിൻ ​ഗഡ്​ഗരി പ്രശംസിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎച്ച് 66 ൽ 28.4 കിലോമീറ്ററിൽ 1853 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര സർക്കാർ ആറ് വരി ബൈപാസ് നിർമ്മിക്കുന്നത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബർ പാർക്ക്, അഴിഞ്ഞിലം, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിൽ ഏഴ് മേൽപാലങ്ങളും, മലാപ്പറമ്പ്, വേങ്ങേരി എന്നിവി‌ടങ്ങളിൽ ഭൂ​ഗർഭപാതകളും, നാല് അടിപാതകളുമുള്ള ബൈപാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റൂട്ടിലെ ഗതാഗതക്കുരുക്കിനു വലിയൊരു പരിഹാരമാകും.

ദേശീയപാത അതോറിറ്റി ഉദ്യോ​ഗസ്ഥനായ ഷഫിൻ, കൺസൾട്ടൻസി എഞ്ചിനിയർമാരായ കെ.പി പ്രഭാകരൻ, പി.എൻ ശശികുമാർ, അഭിലാഷ് കെ.ധർമ്മ, കെ.എം.സി പ്രോജക്ട് മാനേജർ ദേവരാജ റെഡ്ഡി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com