
കോഴിക്കോട് : ജില്ലയിൽ ഓണാഘോഷപരിപാടികൾ വിപുലമായി നടത്തും. മലബാർമേഖലയിലും ഓണാഘോഷം സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഓണാഘോഷപരിപാടികൾക്കായി നഗരമൊരുങ്ങുന്നത്.
സെപ്‌റ്റംബർ രണ്ടുമുതൽ 11 വരെ വ്യത്യസ്തമായ പരിപാടികളാൽ നഗരം ഓണാഘോഷങ്ങളിൽ മുഴുകും. രണ്ടാംതീയതി ദീപാലങ്കാരത്തോടെയാകും ജില്ല ഓണാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്.സംഗീതനിശ, കോമഡിഷോ, സിനിമാതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികൾ, സ്കിറ്റ്, നാടകങ്ങൾ, സാഹിത്യോത്സവം ജില്ലയിലെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നാടൻകലകളും നാടൻപാട്ടുകളുമെല്ലാം ഓണാഘോഷങ്ങളുടെ ഭാഗമാകും.
ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടികളുമായി ബന്ധപ്പെട്ട് കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അവലോകനയോഗം നടന്നു.



