LOCAL NEWS

എറണാകുളം ജില്ലയില്‍ നിന്നുള്ള കേരളത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി;അറിയാം മുഖ്യമന്ത്രിയെക്കുറിച്ച്

വി. ഡി. സതീശന്‍ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയാണ്. 2021 മുതല്‍ 2026 വരെ പതിനഞ്ചാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു. എറണാകുളം ജില്ലയിലെ നെട്ടൂരില്‍ (മരട് മുനിസിപ്പാലിറ്റി) വടശ്ശേരി ദാമോദര മേനോന്റെയും വി.വിലാസിനിയമ്മയുടെയും നാലാമത്തെ മകനായി 1964 മെയ് 31-ന് ജനിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള കേരളത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് അദ്ദേഹം. 2001 മുതല്‍ തുടര്‍ച്ചയായി പറവൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവരുന്നു.

വിദ്യാഭ്യാസം വി. ഡി. സതീശന്‍ നെട്ടൂര്‍ എസ്.വി.യു.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. പനങ്ങാട് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ നിന്ന് പ്രീഡിഗ്രിയും ബിരുദ പഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് കളമശ്ശേരി രാജഗിരി കോളജില്‍ നിന്ന് എം.എസ്.ഡബ്ല്യു ബിരുദം നേടി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് എല്‍.എല്‍.ബി ബിരുദവും ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമത്തില്‍ മാസ്റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കി.

വിദ്യാര്‍ഥി രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനങ്ങളും തേവര സേക്രഡ് ഹാര്‍ട്ട് കോളജില്‍ പഠിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍ (KSU) മുഖേന രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കെ.എസ്.യുവിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലെ നേതൃനിരയിലേക്ക് ഉയര്‍ന്നു. കളമശ്ശേരി രാജഗിരി കോളജിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായും മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 1986–1987 കാലഘട്ടത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്റെ ചെയര്‍മാനായിരുന്നു. എം.ജി സര്‍വകലാശാലയിലും കേരള സര്‍വകലാശാലയിലും യൂണിയന്‍ കൗണ്‍സിലറായും സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാഷണല്‍ സ്റ്റുഡന്‍റ്സ് യൂണിയന്‍ ഓഫ് ഇന്ത്യ (NSUI) യുടെയും എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (DCC) യുടെയും സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിയമവൃത്തിയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം ഏകദേശം പത്ത് വര്‍ഷത്തോളം കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (INTUC) അനുബന്ധമായ നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നിയമസഭാ-രാഷ്ട്രീയ ജീവിതം 2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പറവൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2006, 2011, 2016, 2021, 2026 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും തുടര്‍ച്ചയായി വിജയിച്ചു. 2006-ലെ 12-ാം കേരള നിയമസഭയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പായി പ്രവര്‍ത്തിച്ചു. 2013-ല്‍ തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായി നിയമിതനായി. 2014-ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (KPCC) വൈസ് പ്രസിഡന്റായും നിയമിതനായി.

പൊതുജീവിതം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് ആരംഭിച്ച് നിയമവൃത്തിയിലൂടെയും സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും നിയമസഭാ പ്രവര്‍ത്തനങ്ങളിലൂടെയും വളര്‍ന്നുവന്ന പൊതുപ്രവര്‍ത്തകനാണ് ശ്രീ വി. ഡി. സതീശന്‍. ജനാധിപത്യ മൂല്യങ്ങള്‍, സാമൂഹ്യ നീതി, ജനകീയ വികസനം എന്നിവ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ പൊതുജീവിതത്തില്‍ സുപ്രധാന സ്ഥാനം അദ്ദേഹം കൈവരിച്ചിട്ടുണ്ട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com