LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കലാമാമാങ്കത്തെ വരവേൽക്കാൻ മുക്കം അണിഞ്ഞൊരുങ്ങി.

​പ്രകൃതിഭംഗി നിറഞ്ഞ മലയോര മണ്ണിൽ കലയുടെ വർണ്ണനിലാവ് പെയ്തിറങ്ങാൻ ഇനി ഏഴ് ദിനങ്ങൾ മാത്രം. കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന മുക്കം നഗരം കലയുടെ മഹോത്സവത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. നഗരവീഥികളിലും പരിസരങ്ങളിലും ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, കലോത്സവത്തിന്റെ ആവേശം നാടാകെ പടരുകയാണ്.​നവംബർ 27-ന് വൈകിട്ട് നഗരത്തിൽ അരങ്ങേറുന്ന വർണ്ണാഭമായ വിളംബര ഘോഷയാത്രയോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കലോത്സവം ഉദ്ഘാടനം ചെയ്യും. തിരുവമ്പാടി എം.എൽ.എ. സി.കെ. കാസിം അധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി ഉൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. നവംബർ 28 മുതൽ ഡിസംബർ 3 വരെ മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ചാണ് കലോത്സവ മത്സരങ്ങൾ നടക്കുക. മുക്കം ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മണാശ്ശേരി ഗവ. യു.പി. സ്കൂൾ, അഗസ്ത്യൻമുഴി താഴെക്കോട് എ.യു.പി. സ്കൂൾ എന്നിവയുൾപ്പെടെ 11 പ്രധാന വേദികളിലും പത്ത് ഉപവേദികളിലുമായി കലയുടെ വിവിധ ഇനങ്ങൾ അരങ്ങേറും. 17 സബ് ജില്ലകളിൽ നിന്ന് 16,000-ത്തോളം കലാപ്രതിഭകൾ മത്സരത്തിനെത്തുന്നത്. ഒഫീഷ്യൽസ് അടക്കം പതിനൊന്നായിരത്തോളം പേർ അഞ്ച് ദിവസങ്ങളിലായി മുക്കം നഗരത്തിലെത്തും.​നൃത്തച്ചുവടുകളും സംഗീതമാധുരിയും സാഹിത്യസമ്പദ്യവും അഭിനയമികവുമെല്ലാം മലയോരത്തിന്റെ സാംസ്കാരിക മണ്ണിൽ ഒത്തുചേരുന്ന നാളുകളായിരിക്കും ഇനി. ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് മുക്കം വീണ്ടും ആതിഥേയത്വം വഹിക്കുന്നുവെന്നത് ഇത്തവണത്തെ ആഘോഷത്തിന് പ്രത്യേക തിളക്കമേകുന്നു. വിദ്യാർത്ഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം നഗരത്തിന്റെ സാംസ്കാരിക മുഖവും ആതിഥ്യമര്യാദയും അടയാളപ്പെടുത്താനുള്ള അവസരമായാണ് നാട്ടുകാർ കലോത്സവത്തെ കാണുന്നത്. കലോത്സവത്തിന്റെ ലോഗോ കഴിഞ്ഞ ദിവസം എം.എൽ.എ. പ്രകാശനം ചെയ്തു.​തുടർന്ന് എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഒരുക്കങ്ങളും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദിനി യോഗത്തിൽ അധ്യക്ഷത വഹിച്ചു.​കലയുടെ കാൽപ്പാടുകൾ പതിയാൻ കൗമാരപ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കാൻ ഇനി മുക്കത്തിന്റെ മണ്ണിൽ ഏഴ് ദിനങ്ങൾ മാത്രം. വർണ്ണവും താളവും ഭാവവും നിറഞ്ഞൊരു കലാസന്ധ്യയെ വരവേൽക്കാൻ നഗരം കാത്തിരിക്കുകയാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com