
മുക്കം:കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യം ശരിവെച്ച് കനത്ത മഴ തുടരുന്നു.പുലർച്ചയോടെ തന്നെ ഒട്ടുമിക്ക സ്ഥലത്തും മഴ ശക്തിയായി പെയ്യുന്നുണ്ട്. ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്.പുഴകളിലും ജലാശയങ്ങളിലും വെളളം കൂടാനുള്ള സാധ്യത മുന്നിൽക്കണ്ട് കരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം കൊടിയത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ തോട്ടുമുക്കം കിഴക്കേപറമ്പിൽ ബാബുവിൻ്റെ വീടിൻ്റെ ചുറ്റുമതിൽ അർദ്ധരാത്രിയോടെ തകർന്നു വീണു.മലയോരത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.


