പകർച്ചവ്യാധി പ്രതിരോധം; തിരുവമ്പാടിയിൽ ജനകീയ കൺവെൻഷൻ നടത്തി.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനകീയ കൺവെൻഷൻ നടത്തി. മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രത്യേക സാഹചര്യത്തിലാണ് ജനകീയ കൺവെൻഷൻ നടത്തിയത്.തിരുവമ്പാടി ഫെറോന ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷയായി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ ‘പകർച്ചവ്യാധികളും പ്രതിരോധ മാർഗങ്ങളും’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് എടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ പകർച്ചവ്യാധി പ്രതിരോധ രൂപരേഖ അവതരിപ്പിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു ജോൺസൺ, പി എ ഫിറോസ്ഖാൻ, വാർഡ് മെമ്പർമാരായ മറിയാമ്മ ബാബു, കെബി റിനി,ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റംല ചോലക്കൽ, വി എം മിനി, രതി ടീച്ചർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ അയൽക്കൂട്ടം ഭാരവാഹികൾ, ആശ പ്രവർത്തകർ അംഗനവാടി ടീച്ചർമാർ, തുടങ്ങിയവർ കൺവൻഷനിൽ പങ്കെടുത്തു.



