
കൂടരഞ്ഞി: ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആനക്കാംപൊയിൽ മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സ്വർണ്ണലതയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം ചെയ്തു.
.ലഹരിയുടെ ഉപയോഗവും അതുമൂലമുണ്ടാകുന്ന സാമൂഹിക അതിക്രമങ്ങളും ഭയാനകമായ തോതിലേക്ക് ഉയരുകയാണെന്നും, ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.വിദ്യാർഥികളെ
ലക്ഷ്യമിട്ട് ലഹരി മാഫിയകൾ ഒരുക്കുന്ന ചതിക്കുഴികളെ തിരിച്ചറിയാനും ജാഗ്രത പാലിക്കാനും അവർ ആഹ്വാനം ചെയ്തു.പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായി. അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും സംഘടിപ്പിച്ചു. മാസ്റ്റർ റയാൻ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന സമാപന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, സിസ്റ്റർ ബീന, സാലി ജോസഫ്, ക്വിൻസി ജസ്റ്റിൻ, മറീന ഡി വാസ്, കെ.ജെ. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



