LOCAL NEWSതിരുവമ്പാടി മണ്ഡല വാർത്തകൾ,

“കാണാതായയാളെ കണ്ടെത്തുന്നതുവരെ ഞങ്ങളുടെ സന്നദ്ധ സേന ഒപ്പമുണ്ടാകും”:വാക്ക് പാലിച്ച് എന്റെ മുക്കം സന്നദ്ധസേനയുടെ മുനീഷും ഷെബീറും

പുല്ലൂരാംപാറ: “കാണാതായയാളെ കണ്ടെത്തുന്നതുവരെ ഞങ്ങളുടെ സന്നദ്ധ സേന ഒപ്പമുണ്ടാകും” എന്ന വാക്ക് ഇത്തവണയും പാലിച്ച് ‘എന്റെ മുക്കം’ കൂട്ടായ്മയിലെ രക്ഷാപ്രവർത്തകർ. പതങ്കയത്ത് ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി വട്ടോളി ഷിബിലിയുടെ മൃതദേഹം ഇന്നലെ രാവിലെ ചെക്ക്ഡാമിന് സമീപത്തുനിന്നും കണ്ടെത്തിയത്.’എന്റെ മുക്കം’ സന്നദ്ധ സേനയുടെ സ്കൂബ ടീം പരിശീലകരായ ഷബീർ പുൽപ്പറമ്പ്, മുനീഷ് കാരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന വിപുലമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.തുടർച്ചയായ തിരച്ചിൽഷിബിലി ഒഴുക്കിൽപ്പെട്ടതറിഞ്ഞ നിമിഷം മുതൽ ‘എന്റെ മുക്കം’ സന്നദ്ധ സേനയുടെ നാൽപതോളം പ്രവർത്തകർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് തിരച്ചിൽ നടത്തിവരികയായിരുന്നു.

ഇന്നലെ പുലർച്ചെ 7 മണിയോടെ തന്നെ സ്കൂബ ടീം വീണ്ടും രംഗത്തിറങ്ങി. ചെക്ക്ഡാമിന്റെ പരിസരം കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിൽ രാവിലെ 8:45-ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുങ്ങിത്താഴ്ന്ന നിലയിലായിരുന്ന മൃതദേഹം ഡാമിനോട് ചേർന്ന ഭാഗത്തുനിന്നാണ് സ്കൂബ സംഘം പുറത്തെടുത്തത്.പതങ്കയം, അരിപ്പാറ വെള്ളച്ചാട്ടങ്ങളിലായി ഇതിനോടകം മുപ്പതോളം പേർക്കാണ് ജീവൻ നഷ്ടമായിട്ടുള്ളത്. പ്രകൃതിരമണീയമെങ്കിലും അപകടങ്ങൾ പതിയിരിക്കുന്ന ഈ മേഖലകളിൽ പലപ്പോഴും രക്ഷകരാകുന്നത് പ്രാദേശിക സന്നദ്ധ പ്രവർത്തകരാണ്.മുങ്ങൽ വിദഗ്ദ്ധനായ പിതാവ് പുൽപ്പറമ്പിൽ സി.കെ. അബ്ദുറഹിമാന്റെ പാത പിന്തുടർന്നാണ് ഷബീർ രക്ഷാപ്രവർത്തന രംഗത്തേക്ക് വരുന്നത്. ഇതുവരെ 23 മൃതദേഹങ്ങൾ കരയ്ക്കെത്തിച്ച ഷബീർ, അതിൽ പകുതിയിലേറെയും വീണ്ടെടുത്തത് പതങ്കയവും അരിപ്പാറയുമടങ്ങുന്ന ഇരുവഴിഞ്ഞിപ്പുഴയിൽ നിന്നാണ്.

മുൻപ് മലയമ്മ സ്വദേശി ഹുസ്നി മുബാറക്കിനായി 18 ദിവസത്തിലധികം പതങ്കയം മുതൽ ചാലിയാറും കടന്ന് അറബിക്കടലിന്റെ അതിർത്തി വരെ മുടക്കം കൂടാതെ തിരച്ചിൽ നടത്തി ഒടുവിൽ കണ്ടെത്തിയ ചരിത്രവും ഷബീറിനും മുനീഷിനുമുണ്ട്.മറ്റൊരു നീന്തൽ വിദഗ്ദ്ധനായ മുനീഷ് കാരശ്ശേരിയും ഒട്ടനവധി പേരെ ജീവനോടെയും അല്ലാതെയും കരയ്ക്കെത്തിച്ച് മാതൃകയായ വ്യക്തിയാണ്. മുങ്ങിമരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ മുനീഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക നീന്തൽ പരിശീലന ക്ലാസുകളും നടത്തിവരുന്നുണ്ട്. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ, ബന്ധുക്കൾ എന്നിവർ കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് സജീവമായി തിരച്ചിലിലുണ്ടായിരുന്നു. സ്കൂബ ടീമിനൊപ്പം സന്നദ്ധ സേനാംഗങ്ങളായ ബാബു എള്ളങ്ങൽ, മുജീബ് CMR, ജലീൽ പെരുമ്പടപ്പ്, റസാക്ക് കുവപ്പറമ്പത്ത്, റഹീസ്, അബിൻ, അഷ്റഫ് എന്നിവരുടെ സജീവമായ പരിശ്രമം കൂടിയായപ്പോഴാണ് മൃതദേഹം വേഗത്തിൽ കണ്ടെത്താനായത്. കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിച്ച് സ്വന്തം ജീവൻ നഷ്ടപ്പെട്ട ഷിബിലിയെ ഒടുവിൽ കുടുംബത്തിന് മുന്നിൽ എത്തിച്ചു നൽകുമ്പോൾ, തങ്ങൾ നൽകിയ ഉറപ്പ് ഒരിക്കൽക്കൂടി പാലിച്ച സംതൃപ്തിയിലാണ് ‘എന്റെ മുക്കം’ സന്നദ്ധ സേന.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com