മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ വിനയായി,കോഴി ഇറച്ചിക്കടയിലെ മോഷ്ടാവ് 24 മണിക്കൂറിനകം പൊലീസ് പിടിയിലായി

മുക്കം :മോഷ്ടിച്ച മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ കോഴിയിറച്ചിക്കടയിലെ മോഷ്ടാവ് 24 മണിക്കൂറിനകം പൊലീസ് പിടിയിലായി.മുക്കത്തെ കോഴിക്കടയില്‍ മോഷണം നടത്തിയ നെയ്യാറ്റിൻകര സ്വദേശി ഗിരീഷാണ് പിടിയിലായത്. 32000 രൂപയും, മൊബൈല്‍ ഫോണും, പേഴ്‌സുമാണ് ഗിരീഷ് കവർന്നത്. മുക്കം മാർക്കറ്റിലെ ഫെയ്മസ് കോഴിക്കടയില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ഇതേ കടയിലെ ജോലിക്കാരനായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയത്. മോഷണം സിസിടിവി ക്യാമറയിലും പതിഞ്ഞിരുന്നു. കടയില്‍ സൂക്ഷിച്ചിരുന്ന 32,000 രൂപയും, മറ്റൊരു ജീവനക്കാരനായ പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണും, പേഴ്സുമാണ് കവർന്നത്.
മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൈബർ സെല്ലിന്റെ പരിശോധനയില്‍ മൊബൈല്‍ ഫോണുമായി പ്രതി എറണാകുളം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തി. തുടർന്ന് കൂത്താട്ടുകുളത്തെത്തിയാണ് മുക്കം പൊലീസ് പ്രതിയെ പൊക്കിയത്. കൂത്താട്ടുകുളത്ത് മറ്റൊരു കടയില്‍ ജോലിക്ക് കയറാൻ ശ്രമിക്കുകയായിരുന്നു, ഇതിനിടെയാണ് പ്രതി വലയിലായത്.



