LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇ.എസ്.എ പരിധിയിൽ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണം: പ്രധാനമന്ത്രിക്ക് നൽകാനുള്ള ഭീമഹർജിയിൽ കർഷക സംഘം ഒപ്പുശേഖരണം തുടങ്ങി.

തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ ഏഴാമത് പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനത്തിൽ നിന്നും തിരുവമ്പാടി മണ്ഡലത്തിലെ ജനവാസ മേഖലകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം ഒപ്പുശേഖരണം ആരംഭിച്ചു. ഇ.എസ്.എ പരിധിയിൽപ്പെടുന്ന കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരം ആളുകളുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും ഭീമഹർജി സമർപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി ലിന്റോ ജോസഫ് നിർവ്വഹിച്ചു.
ജനവാസ മേഖലകൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് കെഡസ്ട്രൽ മാപ്പിംഗ്, ജി.ഐ.എസ്/കെ.എം.എൽ (GIS/KML) വിശകലനം, ഉപഗ്രഹ ചിത്രങ്ങൾ, ഫീൽഡ് പരിശോധനകൾ, വനം വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള കൂടിയാലോചനകൾ എന്നിവയ്ക്ക് ശേഷം 2024 നവംബർ 2-നാണ് കേരള സർക്കാർ അന്തിമ ശുപാർശ കേന്ദ്രത്തിന് നൽകിയത്.

തുടര്‍ന്ന് 2026 ഫെബ്രുവരി 1-ന് ആവശ്യപ്പെട്ട അധിക വിവരങ്ങളും സംസ്ഥാനം കൈമാറിയിരുന്നു. 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്ററിലേക്ക് ഇ.എസ്.എ വിസ്തൃതി ചുരുക്കാനായിരുന്നു സംസ്ഥാന ശുപാർശ. എന്നാൽ ഇത് തള്ളി പഴയ 9,993.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതി തന്നെ നിലനിർത്തിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പുതിയ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിശോധിച്ചു വരികയാണെന്ന് 2026 ജൂലൈ 23-ന് പാർലമെന്റിൽ വ്യക്തമാക്കിയ ശേഷം, വെറും നാല് ദിവസത്തിനകം (ജൂലൈ 27-ന്) ജനവാസ മേഖലകൾ ഉൾപ്പെടുന്ന പഴയ കരട് വിജ്ഞാപനം തന്നെ വീണ്ടും ഇറക്കിയ കേന്ദ്ര സർക്കാർ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്ന് കർഷക സംഘം കുറ്റപ്പെടുത്തി.
കേരള കർഷക സംഘം തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഒപ്പുശേഖരണ പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളായി.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഈ പ്രശ്നത്തിൽ ജനപ്രതിനിധികളും ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സംസ്ഥാന സർക്കാരും ഇടപെട്ട് ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ആദ്യകാലങ്ങളിൽ ഉയര്‍ന്നുവന്നതുപോലെ ശക്തമായ പ്രക്ഷോഭ പരിപാടികൾ എല്ലാ വിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ച് സംഘടിപ്പിക്കും.
യോഗത്തിൽ സി. ഗണേഷ് ബാബു അധ്യക്ഷത വഹിച്ചു. സി.എൻ. പുരുഷോത്തമൻ, സജി ഫിലിപ്പ്, മുഹമ്മദ് കാളിയേടത്ത്, സ്വരാജ് വി.കെ., ബെന്നി ആനക്കല്ലേൽ, ഗീത വിനോദ്, ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com