തിരുവമ്പാടി വ്യാപാരോത്സവം: ‘തില്ലം തില്ലം 360’ സമാപന ഘോഷയാത്ര നാളെ; ടൗണിൽ ഗതാഗത ക്രമീകരണം.

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവം “തില്ലം തില്ലം 360°” യുടെ സമാപന പരിപാടി നാളെ (സെപ്റ്റംബർ 12, ശനി) വൈകുന്നേരം നടക്കും. ഇതിന്റെ ഭാഗമായി വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിക്കും.
വിവിധ വാദ്യമേളങ്ങൾ, ആകർഷകമായ നിശ്ചലദൃശ്യങ്ങൾ, മറ്റ് കലാപരിപാടികൾ എന്നിവയോടെ നടക്കുന്ന ഘോഷയാത്ര വൈകിട്ട് 6 മണിക്ക് അനുരാഗ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും. തിരുവമ്പാടി ടൗൺ, താഴെ തിരുവമ്പാടി ചുറ്റി പള്ളിക്കുന്ന് വഴി തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ഘോഷയാത്ര സമാപിക്കും.
വാഹന ഉടമകൾക്ക് നിർദ്ദേശം:
ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നാളെ വൈകുന്നേരം 4 മണിക്ക് ശേഷം തിരുവമ്പാടി ടൗണിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നിലവിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ കൃത്യം 4 മണിക്ക് മുൻപായി മാറ്റി പാർക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ സമാപന ചടങ്ങിന് പൊതുജനങ്ങളുടെ പൂർണ്ണ സഹകരണവും സൗകര്യങ്ങളും ഉണ്ടാകണമെന്ന് തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെ. തോമസ് അഭ്യർത്ഥിച്ചു.



