LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഏഴ് വർഷത്തെ കാത്തിരിപ്പ്: മൊയ്തീൻ്റെ കാഞ്ചനമാലയെ തേടി തമിഴ്‌നാട്ടിൽ നിന്ന് ശബരി മുക്കത്തെത്തി.

മുക്കം: തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിനിയായ ശബരി തൻ്റെ ഡിഗ്രി പഠന കാലത്ത് 2019 ലാണ് എന്ന് നിൻ്റെ മൊയ്തീൻ എന്ന സിനിമ കാണുന്നത്. ഒരു സിനിമ എന്നതിലുപരി ഇതിലെ കഥാപാത്രമായ കാഞ്ചന മാല മൊയ്തീനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാളാണന്ന് മനസിലായ സമയം മുതൽ തുടങ്ങിയതാണ് കാഞ്ചന മാലയെ കാണണമെന്ന ആഗ്രഹം.തുടർന്ന് ഗൂഗിളിൽ ഉൾപ്പെടെ തിരയുകയും കാഞ്ചന മാലയെ കുറിച്ച് കൂടുതൽ വായിക്കുകയും ചെയ്തതോടെ ആഗ്രഹം പിന്നെയും വർധിച്ചു. പക്ഷെ 250 കിലോമീറ്റർ ദൂരെ കേരളത്തിലെ മുക്കം എന്ന ഗ്രാമത്തിലെത്തുക എന്നത് ആ സമയത്ത് അവളെ സംബന്ധിച്ച് സാധ്യമായിരുന്നില്ല. പക്ഷെ എന്നെങ്കിലുമൊരിക്കൽ കാഞ്ചന മാലയെ നേരിൽ കാണുമെന്ന് അന്ന് തന്നെ ശബരി തീരുമാനിച്ചുറപ്പിച്ചിരുന്നു. അങ്ങിനെയിരിക്കെയാണ് പഠനം പൂർത്തിയായ ശേഷം അവർ തിരുപ്പൂരിലെ റാപ്പർ അപ്പാരൽസിൽ ജോലിക്കെത്തിയത്.

അപ്പാരൽസിൻ്റെ ഉടമ നൗഷാദ് മുക്കത്തിനടുത്ത വലിയ പറമ്പ് സ്വദേശിയാണന്നറിഞ്ഞതോടെ 7 വർഷമായി താൻ മനസിൽ കൊണ്ടു നടക്കുന്ന ആഗ്രഹം നൗഷാദുമായി പങ്കുവെക്കുകയായിരുന്നു. നൗഷാദ് തൻ്റെ സുഹൃത്തായ മാധ്യമ പ്രവർത്തകനും മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റുമായ സി.ഫസൽബാബുവിനോട് വിവരം പറയുകയും ഫസൽ ബാബു ബിപി മൊയ്തീൻ സേവാ മന്ദിറിലെ പ്രഭാകരനുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയുമായിരുന്നു. മുക്കത്തെത്തിയ ശബരി കാഞ്ചന മാലയുമായി ഏറെ നേരം സംസാരിക്കുകയും ഇരുവഴിഞ്ഞിപ്പുഴയും കാഞ്ചന മാലയുടെ വീടും മൊയ്തീനുമായി കാഞ്ചനമാല കാണാറുള്ള സ്ഥലങ്ങളിലുമെല്ലാം സന്ദർശിച്ച ശേഷം പൂർണ്ണ സന്തോഷത്തോടെയാണ് സ്വദേശമായ തിരുപ്പൂരിലേക്ക് തിരിച്ചു പോയത്.

സന്ദർശനത്തിൻ്റെ ഓർമ്മക്കായി മൊയ്തീൻ്റെ പുസ്തകങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കാഞ്ചന മാല ശബരിക്ക് നൽകുകയും ചെയ്തു. നാട്ടിലെ കലാകായിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മൊയ്തീന് ചെയ്ത് തീർക്കാൻ കഴിയാത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി ദൈവം ഭൂമിയിൽ ബാക്കി വെച്ചതാണ് കാഞ്ചന മാലയെ എന്ന് ശബരി പറയുന്നു.പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് കല്യാണം, മക്കൾ, കുടുംബം തുടങ്ങി ഒരു ജീവിതചക്രം സമൂഹം മുന്നിൽ വെച്ച് നൽകിയിട്ടുണ്ടന്നും എന്നാൽ അതൊന്നുമില്ലാതെ തന്നെ ഒരു വ്യക്തിക്ക് സമുഹത്തിനായി പലതും നൽകാൻ കഴിയുമെന്ന് കാഞ്ചന മാല തൻ്റെ ജീവിതത്തിലൂടെ കാണിച്ച് കൊടുക്കുകയാണന്നും ശബരി പറയുന്നു. ശുദ്ധമായ പ്രണയത്തിന് പകരം വെക്കാൻ ഒന്നുമില്ലെന്ന ജീവിത സാക്ഷ്യമാണവർ. വർഷങ്ങളോളം വീട്ടു തടങ്കലിൽ ആയിരുന്നിട്ടും ഒരിക്കലും തിരിച്ചു വരാത്ത മൊയ്തീൻ്റെ ഓർമകൾക്കായി ജീവിതം മാറ്റിവെച്ച അവർ സിന്തറ്റിക് പ്രണയ കാലത്തെ മഹാത്ഭുതമാണ്. കാഞ്ചന മാലയുടെ ഓരോ ശ്വാസത്തിലും മൊയ്തീൻ്റെ ഓർമ്മകളാണന്ന് തനിക്ക് മനസിലാക്കാൻ കഴിഞ്ഞെന്നും ശബരി പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com