LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ആർ.ജെ.ഡി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.

മുക്കം: രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് സോഷ്യലിസ്റ്റ്ശക്തികളുടെ കൂട്ടായ്മയും പ്രതിരോധവും അനിവാര്യമാണെന്ന് ആർ.ജെ.ഡി.സംസ്ഥാന ജന: സെക്രട്ടറി വി.കുഞ്ഞാലി പറഞ്ഞു.ആർ.ജെ.ഡി തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മതേതരത്വവും പരസ്പര സഹോദര്യവുമാണ് ഭാരതത്തിന്റെ ജീവവായു. വൈവിധ്യങ്ങളെ നെഞ്ചിലേറ്റുകയും വിവിധ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്ത മഹത്തായ പാരമ്പര്യമാണ് ഈ രാജ്യത്തിനുള്ളത്. ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ, മാലിക് ദിനാറിനെപ്പോലുള്ളവർ കടന്നുവന്നപ്പോൾ അവർക്ക് സ്വീകരണമൊരുക്കിയും, ആരാധനാലയങ്ങൾ പണിയാൻ ഭൂമി നൽകിയും, കുടുംബബന്ധങ്ങൾ സ്ഥാപിച്ചും സാഹോദര്യം ഉയർത്തിപ്പിടിച്ച ജനതയാണ് ഇവിടുണ്ടായിരുന്നത്. വർഗ്ഗീയതയല്ല, മറിച്ച് സ്നേഹവും സഹിഷ്ണുതയുമാണ് യഥാർഥ ഭാരതീയതയുടെയും ഹിന്ദുധർമ്മത്തിന്റെയും കാതൽ. യഥാർത്ഥ വിശ്വാസികൾ ഒരുകാലത്തും വർഗ്ഗീയവാദികളാകില്ല.ഈ മഹത്തായ പാരമ്പര്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും തച്ചുടയ്ക്കുന്ന രീതിയിലുള്ള നീക്കങ്ങളാണ് ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ വശത്താക്കി ഭരണം പിടിച്ചെടുക്കുന്ന സ്വേച്ഛാധിപത്യ ശൈലി ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും തെരഞ്ഞെടുപ്പ് രീതികളെയും തന്നെ ദുർബലപ്പെടുത്തുന്നു.

അയോധ്യയുടെ പേരിലടക്കം നേട്ടങ്ങൾ കൊയ്ത്, ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിക്കുന്ന ഫാസിസ്റ്റ് നിലപാടുകളാണ് അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും കുഞ്ഞാലി പറഞ്ഞു.സമ്മേളനത്തിൽ പി.കെ. പ്രവീൺ എം.എൽ.എക്ക് സ്വീകരണം നൽകി .രാജ്യത്തെ വിദ്യാഭ്യാസം, കൃഷി, തൊഴിൽ തുടങ്ങിയ മേഖലകളെല്ലാം കോർപ്പറേറ്റ് മുതലാളിമാർക്ക് പണയം വെക്കുന്നതിനൊപ്പം, നീറ്റ് പോലെയുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയും അഴിമതിയും പതിവാകുകയാണെന്ന് പ്രവീൺ എം.എൽ.എ. പറഞ്ഞു.ലക്ഷക്കണക്കിന് കുട്ടികളുടെയും നാളത്തെ തലമുറയുടെയും ഭാവിയാണ് തുലാസിലാക്കുന്നത്. ഇതിനെതിരെ ശബ്ദമുയർത്തുകയും ജനകീയ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നവരെ കഠിനമായി ആക്രമിക്കുകയും, അവർക്ക് തീവ്രവാദികളെന്നും നക്സലുകളെന്നും മുദ്രകുത്തി അടിച്ചമർത്താനുമാണ് അധികാരികൾ ശ്രമിക്കുന്നത്.രാജ്യത്ത് ഇത്തരത്തിലുള്ള ഏത് വിപത്തുകൾ വരുമ്പോഴും ജനങ്ങൾക്ക് വേണ്ടി അതിശക്തമായി രംഗത്തിറങ്ങുന്നത് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ജനവിരുദ്ധ നയങ്ങൾക്കും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനുമെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സോഷ്യലിസ്റ്റുകളുടെയും ഇടതുപക്ഷ ചിന്താഗതിക്കാരുടെയും കൂട്ടായ്മ ഇന്ന് അത്യന്താപേക്ഷിതമാണ്.

ഈ തിരിച്ചറിവോടെ വിവിധ പാർട്ടികളിൽ നിന്ന് നിരവധിയാളുകളാണ് ആർ.ജെ.ഡിയിലേക്ക് കടന്നുവരുന്നത്.ആർ.ജെ.ഡി.നേതൃത്വം നൽകുന്ന ജനകീയ പ്രതിഷേധങ്ങളിലും പോരാട്ടങ്ങളിലും തിരുവമ്പാടി മണ്ഡലം എപ്പോഴും മുൻപന്തിയിലാണുള്ളതെന്നും പ്രസ്ഥാനത്തിന്റെ വളർച്ചയും സോഷ്യലിസ്റ്റ് ഐക്യവും വഴി മാത്രമേ രാജ്യത്തിന്റെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിച്ചു നിർത്താൻ സാധിക്കൂ എന്നും എം. എൽ. എ. പറഞ്ഞു.അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഷ്ഠിക്കുകയും പോലീസ് മർദ്ദനത്തിനിരയാവുകയും ചെയ്ത അബ്രഹാം മാനുവൽ , ഇളമന ഹരിദാസ് എന്നീ ആർ. ജെ.ഡി. നേതാക്കളേയും ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി.എം. തോമസിനെയും പരിപാടിയിൽ ആദരിച്ചു.നിയോജക മണ്ഡലം പ്രസിഡൻറ്ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷനായി.ജില്ലാ പ്രസിഡൻറ് എം. കെ.ഭാസ്കരൻ പി. എം. തോമസ്, അബ്രഹാം മാനുവൽ, ഇളമന ഹരിദാസ് , മാത്യു വർഗീസ് മങ്കര, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോൺ വണ്ടാനത്ത്, എൻ.അബ്ദുൾ സത്താർ, ഗോൾഡൻ ബഷീർ,അബ്ദുറഹിമാൻ പള്ളിക്കലാത്ത്,സുബൈർ അത്തൂളി ,മനോജ് മൂത്തേടത്ത്,ഷീബ റോയ്,എ.പി.മോയിൻ , രാജേഷ് പൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com