ഓണാഘോഷം: മുക്കം നഗരസഭയിൽ ശുചിത്വ പരിശോധനയും പകർച്ചവ്യാധി പ്രതിരോധവും ഊർജ്ജിതമാക്കും

മുക്കം: ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രാദേശിക പൊതുജനാരോഗ്യ സമിതി യോഗം ചേർന്നു. നഗരസഭാ പരിധിയിലെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയ യോഗം, ശുദ്ധമായ കുടിവെള്ള ലഭ്യതയും കൃത്യമായ മാലിന്യ സംസ്കരണവും ഉറപ്പാക്കാൻ വിവിധ കർമ്മപദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചു.
ഓണത്തിന് മുന്നോടിയായി വരുംദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ കർശന ശുചിത്വ പരിശോധന നടത്തുന്നതാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യോത്പാദന, വിതരണ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ ഹെൽത്ത് കാർഡ്, ജല ഗുണനിലവാര പരിശോധനാ റിപ്പോർട്ട്, ഭക്ഷ്യസുരക്ഷാ ലൈസൻസ്, നഗരസഭാ ലൈസൻസ് എന്നിവ കൃത്യമായി കരുതിയിരിക്കണമെന്ന് അധികൃതർ അറിയിച്ചു. വ്യാപാരികൾ പരിശോധനയുമായി സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
മുക്കം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ചാന്ദ്നി, ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീ. സി എ പ്രദീപ്കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. റാഷിദ് കുന്നത്ത്, മെഡിക്കൽ ഓഫീസർ ശ്രീമതി രൂപ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രജിത്ത് കെ.സി, രാജേഷ്, കുന്നമംഗലം ഭക്ഷ്യസുരക്ഷാ ഓഫീസർ, ആയുർവേദ ഡോക്ടർ ഷാമിക, കൃഷി ഓഫീസർ ഷബീർ അഹമ്മദ് തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.



