ജില്ലാ മികച്ച ഹോം ഷോപ്പ് ഓണർ പുരസ്കാരം തിരുവമ്പാടിയിലെ ഷീബ അത്തിതറക്ക്; തുടർച്ചയായ രണ്ടാം തവണ

കോഴിക്കോട്: ജില്ലാ കുടുംബശ്രീ മിഷന്റെ മികച്ച ഹോം ഷോപ്പ് ഓണർക്കുള്ള ഈ വർഷത്തെ പുരസ്കാരം കൊടുവള്ളി ബ്ലോക്കിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഹോം ഷോപ്പ് ഓണറായ ഷീബ അത്തിതറ കരസ്ഥമാക്കി. തുടർച്ചയായി രണ്ടാമത്തെ തവണയാണ് ഷീബയെ തേടി ഈ ജില്ലാതല പുരസ്കാരം എത്തുന്നത്.
ബാലുശ്ശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹോം ഷോപ്പ് പദ്ധതിയുടെ 17-ാം വാർഷികാഘോഷമായ ‘അത്തപ്പൂമഴ’ വേദിയിൽ വച്ച് പ്രശസ്ത ചലച്ചിത്ര നടൻ പി. പി. കുഞ്ഞികൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ. അജിത, സി.ഡി.എസ് ചെയർപേഴ്സൺ റംല ചോലക്കൽ, വൈസ് ചെയർപേഴ്സൺ നീന സാജു, അക്കൗണ്ടന്റ് സോണിയ, ബ്ലോക്ക് കോർഡിനേറ്റർ ദിനിഷ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അവരുണ്ടാക്കുന്ന വിവിധങ്ങളായ ഉൽപ്പന്നങ്ങൾ എല്ലാ വാർഡുകളിലെയും ഹോം ഷോപ്പുകൾ വഴി വീടുകളിൽ നേരിട്ടെത്തിക്കുന്നതാണ് കുടുംബശ്രീയുടെ ഈ ഘടന. കോഴിക്കോട് ജില്ലയിൽ തുടക്കം കുറിച്ച ഈ പദ്ധതി നിലവിൽ കേരളത്തിലുടനീളം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ മാത്രം 1,500-ഓളം കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സ്ഥിരവരുമാനം ലഭിക്കുന്നുണ്ട്.
‘അത്തപ്പൂമഴ’ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര നടൻ പി. പി. കുഞ്ഞികൃഷ്ണൻ പയ്യന്നൂർ നിർവ്വഹിച്ചു. പ്രശസ്ത നാടകകൃത്ത് പ്രദീപ് കുമാർ കാവുന്തറ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോം ഷോപ്പ് പദ്ധതി ജില്ലാ കോർഡിനേറ്റർ പ്രസാദ് കൈതക്കൽ സ്വാഗതവും, പദ്ധതി പ്രസിഡന്റ് സതീശൻ സ്വപ്നക്കൂട് നന്ദിയും പറഞ്ഞു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൽദാസ്, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. നാസർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുൻവർ സാദത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്, ജില്ലാ മിഷൻ കോർഡിനേറ്റർ കവിത പി. സി, ഡി.പി.എം എ. നീതു, ഓമശ്ശേരി കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ഷീജ, വൈസ് ചെയർപേഴ്സൺ ജുറൈൻ, അക്കൗണ്ടന്റ് ഹിമ, മറ്റ് വിവിധ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.



