സീബ്രാ ക്രോസിംഗുകളിൽ സുരക്ഷ ഉറപ്പാക്കാൻ ‘വൈറ്റ്ലൈൻ – ലൈഫ്ലൈൻ’ ഡ്രൈവ്: 1038 ലംഘനങ്ങൾ, കാൽ ലക്ഷത്തിലേറെ രൂപ പിഴ ചുമത്തി കേരള പോലീസ്

തിരുവനന്തപുരം: സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി കേരള പോലീസിൻ്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗം സംസ്ഥാനത്തുടനീളം ‘വൈറ്റ്ലൈൻ – ലൈഫ്ലൈൻ’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തി. ഓഗസ്റ്റ് 20 മുതൽ 25 വരെ നടന്ന സ്പെഷ്യൽ ഡ്രൈവിൽ 55,207 വാഹനങ്ങൾ പരിശോധിച്ചു.
സീബ്രാ ക്രോസ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1038 വാഹനങ്ങളിൽ നിന്നായി 2,50,631 രൂപ പിഴ ഈടാക്കി.
കഴിഞ്ഞമാസം കേരളത്തിലുടനീളം 55,207 വാഹനങ്ങൾ പരിശോധിച്ചു.
കണ്ടെത്തിയ നിയമലംഘനങ്ങൾ: 1038
ഈടാക്കിയ പിഴ: ₹2,50,631
കർശന പരിശോധനയും ബോധവൽക്കരണവും
പ്രധാന ജംഗ്ഷനുകൾ, അപകട സാധ്യതയുള്ള സ്ഥലങ്ങൾ, തിരക്കേറിയ കാൽനട ഇടനാഴികൾ എന്നിവിടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ടീമുകളെ വിന്യസിച്ചായിരുന്നു പരിശോധന. കാൽനടയാത്രക്കാർ റോഡ് മറികടക്കുമ്പോൾ വേഗത കുറയ്ക്കാത്ത വാഹനങ്ങൾ, അമിതവേഗത, കാൽനടയാത്രക്കാരുടെ വഴിനടക്കാനുള്ള അവകാശം (Right of Way) നിഷേധിക്കൽ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു. സുരക്ഷിതമായ ഡ്രൈവിംഗിൻ്റെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളും നൽകി.
ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻ്റ് ഇൻസ്പെക്ടർ ജനറലിൻ്റെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവികൾ, ട്രാഫിക് സോണൽ പോലീസ് സൂപ്രണ്ടുമാർ, ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിശോധന പൂർത്തിയാക്കിയത്. സമാനമായ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
നിയമലംഘനങ്ങൾ പൊതുജനങ്ങൾക്കും അറിയിക്കാം
ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ‘ശുഭയാത്ര’ വാട്സ്ആപ്പ് നമ്പറായ 9747001099 എന്ന നമ്പറിലേക്ക് വിവരങ്ങൾ അയക്കാം. നിയമലംഘനത്തിൻ്റെ ഫോട്ടോ, വീഡിയോ, സ്ഥലം, ജില്ല, തീയതി, സമയം, വാഹന നമ്പർ എന്നിവ സഹിതമാണ് സന്ദേശം അയക്കേണ്ടത്.



