
കൂടരഞ്ഞി : കൂടരഞ്ഞി കൃഷിഭവന് കീഴിൽ കൂമ്പാറയിൽ പ്രവർത്തിച്ചിരുന്ന പഴയ ഏലാഫീസ് കെട്ടിടം അധികൃതരുടെ അവഗണനയിൽ കാടുകയറി നശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പാറമ്പുഴയിൽ ജോസഫ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഏകദേശം 40 വർഷം മുമ്പ് പ്രദേശത്തെ കർഷകർക്ക് സഹായകരമാകുന്ന തരത്തിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. നിലവിൽ കെട്ടിടവും പരിസരവും കാടും വള്ളിച്ചെടികളും കൊണ്ട് മൂടിയ നിലയിലാണ്. വാഴകളും മറ്റു മരങ്ങളും വളർന്നതോടെ കെട്ടിടം തിരിച്ചറിയാൻ പോലും കഴിയാത്ത സ്ഥിതിയാണ്. കെട്ടിടത്തിന്റെ പുറംഭാഗത്തും മേൽക്കൂരയിലും വള്ളിച്ചെടികൾ പടർന്നുപിടിച്ചിട്ടുണ്ട്.
കാട് വളർന്നതോടെ പ്രദേശം ഇഴജന്തുക്കളുടെയും മറ്റ് ക്ഷുദ്രജീവികളുടെയും താവളമായി മാറിയിരിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. കെട്ടിടത്തിന് സമീപത്തുകൂടി സഞ്ചരിക്കാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളത്.
കെട്ടിടത്തിന് തൊട്ടടുത്താണ് ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നത്. കാടുമൂടിയ കെട്ടിടവും പരിസരവും വിദ്യാർഥികളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും. ചെറിയ കുട്ടികൾ നിരന്തരം എത്തിച്ചേരുന്ന പ്രദേശമായതിനാൽ പാമ്പുൾപ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കർഷകർക്ക് ഏറെ പ്രയോജനകരമായിരുന്ന സ്ഥാപനം പ്രവർത്തനരഹിതമായി കിടന്ന് നശിക്കുന്നത് പ്രതിഷേധാർഹമാണെന്നും നാട്ടുകാർ പറയുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് കെട്ടിടവും പരിസരവും ശുചീകരിച്ച് സുരക്ഷിതമാക്കണമെന്നും, കെട്ടിടം ഇനി ഉപയോഗിക്കാൻ കഴിയാത്തതാണെങ്കിൽ പൊളിച്ചുമാറ്റി സ്ഥലം സുരക്ഷിതമായി ക്രമീകരിക്കണമെന്നും ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ആർ ജെ ഡി യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും കൊടുവള്ളി ബ്ലോക്ക്പഞ്ചായത്ത് മെമ്പറുമായ ശ്രീ.ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷതവഹിച്ചു RJD ന്യൂനപക്ഷ സെൽ സംസ്ഥാനപ്രസിഡണ്ട് ശ്രീ.പി .എം. തോമസ് മാസ്റ്റർ യോഗം ഉദ്ഘാടനംചെയ്തു യോഗത്തിൽ ,ജില്ലാ സെക്രട്ടറി ശ്രി.വിൽസൺ പുല്ലുവേലിൽ ,കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ,
ആർ ജെ ഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ, മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ,സജി പെണ്ണാപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ, ജോളി പൊന്നംവരിക്കയിൽ, ജോളി പൈക്കാട്ട്, സജി പെണ്ണാപറമ്പിൽ, ജിൻസ് അഗസ്ത്യൻ, ഗ്രാമപഞ്ചായത്ത് അംഗം ഷീബ റോയ് നെച്ചികാട്ടിൽ,മാത്യു വർഗീസ്,സോളമൻ മഴുവഞ്ചേരിൽ, ജോർജ് മംഗരയിൽ ,ബിജു മുണ്ടക്കൽ, എം.ടി.തോമസ് മാസ്റ്റർ, പി എം.ഫ്രാൻസീസ് മാസ്റ്റർ,ജോർജ് പ്ലാക്കാട്ട്, സി. എൽ.മാത്യു, ജിനേഷ് തെക്കനാട്ട്, എം.ടി.സൈമൺ മാസ്റ്റർ, ജോർജ് പാലമുറി,ബെന്നി കാക്കനാട്ട്, മനു അബ്രാഹം ,ജോബി മൈലാടിയിൽ, സോഫി തോമസ്, അബ്ദുൾഷുക്കൂർ കിഴക്കൻവീട്ടിൽ, സിജോ പാറമ്പുഴ, വിൽസൺ പാലക്കതടത്തിൽ, ജോയി കുരികാട്ടിൽ തുടങ്ങിയവർ സംസാരിച്ചു



