
കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി. സ്കൂളിൽ രണ്ടു ദിവസമായി നടന്നുവന്ന ‘ചാരുലയം’ സ്കൂൾ കലാമേളയ്ക്ക് തിരശ്ശീല വീണു.
‘വാഴ 2’ ഫെയിം അഭിനേതാവ് അഭിമന്യു പി.കെ. ചമൽ കലാമേള ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികളാൽ ചാരുലയം ശ്രദ്ധേയമായി.
കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും സർഗാത്മകത വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കലാമേള സംഘടിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് സിബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ അഭിമന്യുവിന്റെ സാന്നിധ്യം കുട്ടികളിൽ ഏറെ ആവേശമുണർത്തി.
കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ലഭിക്കുന്ന ഇത്തരം വേദികൾ അവരുടെ ആത്മവിശ്വാസവും വ്യക്തിത്വ വികാസവും വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് സ്കൂൾ അസി. മാനേജർ റവ. ഫാ. എബിൻ കുറൂർ പറഞ്ഞു.
എം.പി.ടി.എ. പ്രസിഡന്റ് ടിനുമോൾ പി.ടി. ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് സ്വാഗതവും കലാമേള കൺവീനർ ധന്യ സണ്ണി നന്ദിയും പറഞ്ഞു.
സി. ആൻമരിയ ലൂക്കോസ്, അരുൺ ജോർജ്, ജോബി ജോസ്, ഷിജോ ജോൺ, അനീഷ് കെ. ജോസ്, ബിജി പി.വി., പ്രിൻസി സെബാസ്റ്റ്യൻ, ലിന്റ ഇമ്മാനുവേൽ, അഭയ ജോസ് എന്നിവർ നേതൃത്വം നൽകി.



