
നെല്ലിപ്പൊയിൽ: താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സംഘടിപ്പിച്ച ടാലൻഷ്യ 3.0 മെഗാ ഫൈനൽ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് ഒന്നാം സ്ഥാനം.
കോർപ്പറേറ്റിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സെന്റ് ജോൺസ് ഹൈസ്കൂളിലെ ശ്രീലക്ഷ്മി മധു, ആൻസൺ തോമസ് സഖ്യം മികച്ച പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഗാ ഫൈനലിന് യോഗ്യത നേടിയ ഇരുവരും ഫൈനലിലും മികവ് ആവർത്തിച്ച് മറ്റു മത്സരാർത്ഥികളെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.
ടാലൻഷ്യ മത്സരത്തിൽ സെന്റ് ജോൺസ് ഹൈസ്കൂളിന്റെ തുടർച്ചയായ മികവിന്റെ ഭാഗമായാണ് ഈ നേട്ടം. കഴിഞ്ഞ വർഷം നടന്ന ടാലൻഷ്യ 2.0 മെഗാ ഫൈനൽ മത്സരത്തിലും സെന്റ് ജോൺസ് ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടിയിരുന്നു. തുടർച്ചയായ രണ്ടാം വർഷവും മെഗാ ഫൈനലിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് സ്കൂളിന്റെ ക്വിസ് രംഗത്തെ മികവിന് തെളിവായി.
പരിശീലകയായ അധ്യാപിക ലിനറ്റ് ജോസഫിന്റെ നേതൃത്വത്തിലുള്ള നിരന്തര പരിശീലനത്തിനൊപ്പം ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യന്റെയും അധ്യാപകരുടെയും പൂർണ്ണ പിന്തുണയും പ്രോത്സാഹനവും വിജയത്തിന് കരുത്തേകി.
ഒന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മി മധുവിനെയും ആൻസൺ തോമസിനെയും പരിശീലിപ്പിച്ച അധ്യാപിക ലിനറ്റ് ജോസഫിനെയും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ. വിൽസൺ തറപ്പേൽ, ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കവാടത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആവേശപൂർവം സ്വീകരിച്ചു.
വിജയികളെ അധ്യാപകരും പി.ടി.എ. ഭാരവാഹികളും വിദ്യാർത്ഥികളും അഭിനന്ദിച്ചു. ടാലൻഷ്യ മത്സരത്തിലെ തുടർച്ചയായ നേട്ടം സെന്റ് ജോൺസ് ഹൈസ്കൂളിന്റെ അഭിമാനമായി.



