ഇ.എസ്.എ വിജ്ഞാപനം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു.

തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) വിജ്ഞാപനത്തിൽ നിന്നും ജനവാസ മേഖലകളും തോട്ടംഭൂമികളും പൂർണ്ണമായി ഒഴിവാക്കണമെന്നും, വനഭൂമി വനഭൂമിയായി മാത്രം നിലനിർത്തിക്കൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഇ.എസ്.എ പരിധിയിൽ നിന്ന് ഘടനാപരമായി ഒവിവാക്കണമെന്നും ആവശ്യപ്പെട്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഗ്രാമസഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബിജു താനിക്കാക്കുഴി പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര വിജ്ഞാപനത്തിലെ വ്യവസ്ഥകൾ ജനങ്ങളുടെ സ്വാഭാവിക ജീവിതത്തെയും കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക യോഗത്തിൽ ഉയർന്നു. ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ നിന്നും തിരുവമ്പാടി പഞ്ചായത്തിനെ പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്ന പ്രമേയം ഗ്രാമപഞ്ചായത്ത് അംഗം ബോസ് ജേക്കബ് യോഗത്തിൽ അവതരിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ആർ. അജിത, സ്ഥിര സമിതി അധ്യക്ഷൻമാരായ മനോജ് വാഴെപ്പറമ്പിൽ, ഫിറോസ് ഖാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപാ ഷൈജോ , പൊതുപ്രവർത്തകരായ ബാബു പൈക്കാട്ടിൽ, ടി.ജെ കുര്യാച്ചൻ, ഷിനോയ് അടക്കാപ്പാറ, മുജീബ് റഹ്‌മാൻ, ഗണേഷ് ബാബു, ശ്രീധരൻ പേണ്ടാനത്ത്, എബ്രഹാം മാനുവൽ , ജോസ് മാത്യു മറ്റ് ത്രിതല ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, കർഷകർ, ഹരിത കർമ്മ സേനാഅംഗങ്ങൾ ഉൾപ്പെടെ വൻജനപങ്കാളിത്തവും ഗ്രാമസഭയിൽ ഉണ്ടായിരുന്നു.



