LOCAL NEWS

ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്ത് തട്ടിപ്പ്; ജാഗ്രതാ നിർദേശവുമായി പോലീസ്

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പേരുകളിൽ രജിസ്റ്റർഡ് തപാൽ വഴി വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാകുന്നു. ആകർഷകമായ സ്ക്രാച്ച് കാർഡുകൾ അടങ്ങിയ കത്തുകളാണ് ഉപഭോക്താക്കളെ തേടിയെത്തുന്നത്. കാർഡ് സ്ക്രാച്ച് ചെയ്യുമ്പോൾ വലിയ തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും, ഈ തുക കൈപ്പറ്റുന്നതിനായി കത്തിലുള്ള ഹെൽപ്‌ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാരുടെ രീതി.

കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന സംഘം സമ്മാനത്തുക അക്കൗണ്ടിലേക്ക് അയക്കുന്നതിന് മുന്നോടിയായി പ്രോസസ്സിംഗ് ഫീസ്, ഡോക്യുമെന്റേഷൻ ചാർജ്, ഇൻകം ടാക്സ് തുടങ്ങിയ ഇനങ്ങളിൽ മുൻകൂറായി പണം ആവശ്യപ്പെടുന്നു. ഇരകളിൽ പൂർണ്ണ വിശ്വാസ്യത വരുത്തുന്നതിനായി വ്യാജമായി നിർമ്മിച്ച ഇൻകം ടാക്സ് രേഖകളും ഔദ്യോഗിക മുദ്രകളും വാട്സാപ്പ് വഴി അയച്ചുനൽകാനും ഇവർ മടിക്കാറില്ല. എന്നാൽ തട്ടിപ്പുകാർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറിക്കഴിഞ്ഞാൽ പിന്നീട് ഇവരുമായി ബന്ധപ്പെടാൻ സാധിക്കില്ല.

സ്ക്രാച്ച് കാർഡുകളോ ഗിഫ്റ്റ് ഓഫറുകളോ വാഗ്ദാനം ചെയ്ത് മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ വ്യക്തമായ ലക്ഷണമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. അപരിചിതമായ നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ്പ് വഴി ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുത്.

ഇത്തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ വൈകാതെ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.

#keralapolice #statepolicemediacentre

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com