LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇ.എസ്.എ. അതിർത്തിനിർണയം പുനഃപരിശോധിക്കണം: കേരള കോൺഗ്രസ് (എം).



തിരുവമ്പാടി : ജൂലൈ 27-ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഏഴാമത് ഇ.എസ്.എ. കരട് വിജ്ഞാപനത്തിലെ അതിർത്തിനിർണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണ മെന്നും 2014-ൽ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വനവിസ്തൃതിയുടെ കണക്കിൽ വന്ന പിഴവ് തിരുത്തണമെന്നും കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇ.എസ്.എ. പരിധിയിൽ ഉൾപ്പെട്ട വില്ലേജുകളുടെ വ്യക്തമായ ഭൂപടം കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണ മെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വനസംരക്ഷണത്തിന്റെ പേരിൽ തലമുറകളായി കൃഷി ചെയ്ത് ജീവിക്കുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നീതിയുക്തമല്ലെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് മാർച്ച് നടത്തി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് നിവേദനങ്ങളും അയച്ചു.
പശ്ചിമഘട്ടത്തിൽ 56,825.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിർദേശിക്കുന്ന കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 ഗ്രാമങ്ങളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് സമർപ്പിച്ച രേഖകളിലെ പിഴവുകൾ മൂലമാണ് ഈ വ്യത്യാസമുണ്ടായതെന്നാണ് കേരള കോൺഗ്രസ് (എം) ആരോപിക്കുന്നത്. പിഴവുകൾ അടിയന്തരമായി തിരുത്താൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് പി.ജെ. ജോസഫ് പൈമ്പിള്ളിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ലാക്കുഴി അധ്യക്ഷത വഹിച്ചു. വിനോദ് കിഴക്കയിൽ, സിജോ വടക്കേൻതോട്ടും, വിൽസൺ താഴത്തുപറമ്പിൽ, സണ്ണി പുതുപറമ്പിൽ, അനേക് തോണിപ്പാറ, സ്റ്റീവ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com