കൂമ്പാറ ഫാത്തിമാബി സ്‌കൂളിൽ സൗജന്യ കൈറ്റ് ഉബുണ്ടു സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ്.

കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഐ.ടി പഠനം സുഗമമാക്കുന്നതിനായി സൗജന്യ കൈറ്റ് ഉബുണ്ടു 22.04 (KITE GNU/Linux 22.04) സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്‌സ് / ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്.
സെപ്റ്റംബർ 23 മുതൽ 26 വരെ സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിലാണ് സൗകര്യം ലഭ്യമാകുക. പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിക്ക് അനുയോജ്യമായ ഓപ്പറേറ്റിംഗ് സിസ്റ്റം വീടുകളിലെ ലാപ്ടോപ്പുകളിലും ഇൻസ്റ്റാൾ ചെയ്യുന്നത് കുട്ടികളുടെ പ്രായോഗിക പരീക്ഷണങ്ങൾക്കും ഐ.ടി പരീക്ഷാ പരിശീലനങ്ങൾക്കും ഏറെ സഹായകരമാകും.
ക്യാമ്പിൽ ലാപ്ടോപ്പ് കൊണ്ടുവരുന്നവർ ചാർജറുകൾ നിർബന്ധമായും കരുതണമെന്നും, വ്യക്തിഗത ഫയലുകൾ ബാക്കപ്പ് ചെയ്തു സൂക്ഷിക്കണമെന്നും ഐ.ടി ക്ലബ്ബ് കൺവീനർ അറിയിച്ചു. സൗജന്യ ഇൻസ്റ്റലേഷൻ സൗകര്യം വിദ്യാർത്ഥികളും രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



