തിരുവമ്പാടിയിൽ താമസിച്ച് കാർഷിക പഠനം നടത്തി ശ്രീകൃഷ്ണപുരത്തു നിന്നുള്ള കർഷക സംഘം.

തിരുവമ്പാടി: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നിന്നുള്ള 35-അംഗ കാർഷിക പഠന സംഘം തിരുവമ്പാടിയിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കാഫ്റ്റ് (KRAFT) പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച യാത്രയിൽ കർഷകർ ഒരു ദിവസം തിരുവമ്പാടിയിൽ താമസിച്ച് ഇവിടുത്തെ വിവിധ ഫാമുകൾ കണ്ടുപഠിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. വി. ശ്രീജ, കൃഷി ഓഫീസർ സുനിത പി., അസിസ്റ്റന്റ് കൃഷി ഓഫീസർ സജി സി., കൃഷി അസിസ്റ്റന്റ് സെന്തിൽ കുമാർ, ആത്മ (ATMA) ഉദ്യോഗസ്ഥരായ ഐശ്വര്യ, കൃഷ്ണപ്രിയ എന്നിവരാണ് കർഷക സംഘത്തിന് നേതൃത്വം നൽകിയത്. ആനക്കാംപൊയിൽ ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട് ഫാം വില്ലയിലാണ് സംഘത്തിന് താമസസൗകര്യം ഒരുക്കിയിരുന്നത്. വിപുലമായ ഒരു പഠനസംഘം താമസിച്ച് പഠനം നടത്താനായി ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ടിലെത്തുന്നത് ഇതാദ്യമായാണ്.
പ്രദേശത്തെ കർഷകർ തങ്ങളുടെ ഫാമുകൾ മനോഹരമായി സംരംക്ഷിച്ച്, അവയെ കോർത്തിണക്കി തയ്യാറാക്കിയ ഈ അഗ്രി-ടൂറിസം മോഡൽ മറ്റ് പ്രദേശങ്ങൾക്കും അനുകരിക്കാവുന്ന മികച്ച മാതൃകയാണെന്ന് ശ്രീകൃഷ്ണപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീജ അഭിപ്രായപ്പെട്ടു.
ജോസ് പുരയിടത്തിലിന്റെ ഗോട്ട് ഫാം, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ അഗ്രോഫാം, ബീന അജുവിന്റെ താലോലം പ്രൊഡക്ട്സ്, കോടഞ്ചേരി കണ്ണോത്തുള്ള തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, വികാസിന്റെ വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് തുടങ്ങിയ കേന്ദ്രങ്ങളിലാണ് പഠന സംഘം സന്ദർശനം നടത്തിയത്.
കാഫ്റ്റ് കോഓർഡിനേറ്ററും ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി പ്രസിഡന്റുമായ അജു എമ്മാനുവൽ സന്ദർശകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി.



