
കോടഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഭരണസമതിയുടെ ബോർഡ് യോഗത്തിൽ ബഫർ സോൺ അജണ്ട പ്രകാരം സംസ്ഥാന സർക്കാരിനെതിരെ പ്രമേയം പസ്സാക്കുവാനുള്ള ഭരണപക്ഷത്തിൻ്റെ നീക്കത്തെ എതിർത്തു കൊണ്ട് എൽ ഡി എഫ് മെമ്പർമാർ ബോർഡ് യോഗം ബഹിഷ്കരിക്കുകയും എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു.
ബഫർ സോൺ വിഷയത്തിൽ നിജസ്ഥിതി അറിയാതെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു വാർഡും ബഫർ സോണിൽ ഉൾപ്പെടില്ല എന്ന് വ്യാഖ്യാനിച്ചതു മൂലം പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസുമെന്ന് എൽ ഡി എഫ് ആരോപിച്ചു. ഒരേ സമയത്ത് കേന്ദ്രവുംvകേരളവും കോൺഗ്രസ് ഭരിക്കുന്ന കാലഘട്ടങ്ങളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ മാധവ് ഗാഡ്ഗിൽ – കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ഇപ്പോഴും കരട് രേഖയായി നിലകൊള്ളുകയും എൽ ഡി എഫ് സർക്കാർ വനം മാത്രം ഉൾപ്പെടുന്ന പ്രദേശം ബഫർ സോണായി പരിഗണിക്കാവുള്ളു എന്നും വനത്തിന് പുറത്തുള്ള കൃഷിഭൂമിയും സ്വകാര്യ സ്വത്തുക്കളും ബഫർ സോണിൽ ഉൾപ്പെടുത്തരുതെന്ന് നിലപാട് സ്വീകരിച്ച് റിപ്പോർട്ട് നൽകിയിട്ടും തികച്ചും കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള പരിസ്ഥിതി മന്ത്രാലയത്തിൻ്റെ തീരുമാനങ്ങളെ മാറ്റം വരുത്തേണ്ടതിനു പകരം ബഫർ സോൺ വിഞ്ജാപനം കേരള സർക്കാരിൽ നിക്ഷിപ്തമാണെന്ന് വരുത്തി തീർക്കുവാനുള്ള ബോധപൂർവ്വമായ നീക്കത്തെ ചെറുത്തു തോൽപ്പിക്കുമെന്നും എൽ ഡി എഫ് പ്രഖ്യാപിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ഷാജി മുട്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ എൽ ഡി എഫ് കൺവീനർ മാത്യു ചെമ്പോട്ടിക്കൽ ,സി പി എം ഏരിയ കമ്മിറ്റി അംഗം കെ പി ചാക്കോച്ചൻ, ലോക്കൽ സെക്രട്ടറി ഷിജി ആൻറണി, എൻ സി പി ജില്ലാ ജനറൽ സെക്രട്ടറി പി.പി. ജോയി, പി ജി സാബു, ചാൾസ് തയ്യിൽ, ബിന്ദു ജോർജ്, റീന സാബു, റോസിലി മാത്യു എന്നിവർ പ്രസംഗിച്ചു.



