ലൈഫ് സർട്ടിഫിക്കറ്റിന്റെ പേരിൽ പുതിയ സൈബർ തട്ടിപ്പ്: പെൻഷൻകാർക്ക് മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: ബാങ്ക് പെൻഷൻകാരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് സജീവമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. വിരമിച്ച ബാങ്ക് ജീവനക്കാരുടെയും പെൻഷൻകാരുടെയും ലൈഫ് സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ പണം കവരുന്നത്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിനായി വ്യാജ പരസ്യങ്ങളും വ്യാജ ലിങ്കുകളും പ്രചരിക്കുന്നുണ്ട്.
തട്ടിപ്പിന്റെ രീതി എങ്ങനെ?
വ്യാജ ലിങ്കുകൾ: ഫേസ്ബുക്കിലും വാട്സ്ആപ്പിലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള എളുപ്പവഴിയെന്ന പേരിലാണ് വ്യാജ ലിങ്കുകൾ സന്ദേശങ്ങളായി എത്തുന്നത്.
ബാങ്ക് പ്രതിനിധികളെന്ന വ്യാജേന സമ്പർക്കം: ഇത്തരം ലിങ്കുകളിൽ വിവരങ്ങൾ നൽകുന്നവരെ ബാങ്ക് പ്രതിനിധികളെന്ന വ്യാജേന തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെടുന്നു.
വ്യാജ വാട്സ്ആപ്പ് പ്രൊഫൈലുകൾ: ബാങ്കിന്റെ ഔദ്യോഗിക പേരും ചിഹ്നവും (ലോഗോ) ദുരുപയോഗം ചെയ്താണ് വാട്സ്ആപ്പ് പ്രൊഫൈലുകൾ നിർമ്മിക്കുന്നത്. ഇത് പെൻഷൻകാർക്ക് കാര്യങ്ങൾ യഥാർത്ഥ ബാങ്ക് സേവനമാണെന്ന തെറ്റിദ്ധാരണയുണ്ടാക്കുന്നു.
വ്യാജ APK ഫയലുകൾ: തുടർന്ന് ലൈഫ് സർട്ടിഫിക്കറ്റ് നടപടികൾ പൂർത്തിയാക്കാനെന്ന വ്യാജേന ഒരു APK ഫയൽ തട്ടിപ്പുകാർ അയച്ചുനൽകുന്നു. ഈ ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ, ഫോണിലെ സന്ദേശങ്ങളും വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണവും തട്ടിപ്പുകാരുടെ കൈയിലാകുകയും അക്കൗണ്ടുകളിൽനിന്ന് പണം നഷ്ടപ്പെടുകയും ചെയ്യുന്നു.
ജാഗ്രത പാലിക്കാം; പോലീസിന്റെ പ്രധാന നിർദ്ദേശങ്ങൾ
ലിങ്കുകൾ വഴി സമർപ്പിക്കരുത്: ഫേസ്ബുക്കിലോ വാട്സ്ആപ്പിലോ ലഭിക്കുന്ന ലിങ്കുകൾ വഴി യാതൊരു കാരണവശാലും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കരുത്.
ഔദ്യോഗിക മാർഗ്ഗങ്ങൾ മാത്രം: ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റോ ബാങ്ക് ശാഖകളോ അംഗീകൃത സംവിധാനങ്ങളോ മാത്രം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പണത്തിനായി ഉപയോഗിക്കുക.
APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്: അപരിചിതരും സംശയകരവുമായ ഉറവിടങ്ങളിൽ നിന്നും അയച്ചുതരുന്ന ഒരു APK ഫയലും ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.
ലോഗോ കണ്ട് വഞ്ചിക്കപ്പെടരുത്: ബാങ്കിന്റെ ലോഗോ ഉള്ളതുകൊണ്ടുമാത്രം വാട്സ്ആപ്പ് പ്രൊഫൈലുകളോ സന്ദേശങ്ങളോ വിശ്വസിക്കരുത്.
വിവരങ്ങൾ കൈമാറരുത്: ഒടിപി (OTP), പിൻ നമ്പറുകൾ, പാസ്വേഡുകൾ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങൾ, ഇന്റർനെറ്റ് ബാങ്കിങ് ലോഗിൻ വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുത്.
ബാങ്കുമായി നേരിട്ട് ബന്ധപ്പെടുക: എന്തെങ്കിലും തരത്തിലുള്ള സംശയകരമായ ഫോൺവിളികളോ സന്ദേശങ്ങളോ ലഭിച്ചാൽ ബാങ്കിന്റെ ഔദ്യോഗിക നമ്പറിലോ ശാഖയിലോ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്തുക.
പരാതിപ്പെടാൻ:
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒട്ടും സമയം കളയാതെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്.



