KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഉന്നതികളിൽ കംപ്യൂട്ടർ പരിശീലനവും ഫുട്‌ബോൾ ടൂർണമെന്റും നടത്തി റൂറൽ ജില്ലാ പോലീസ്.

കോടഞ്ചേരി: കോഴിക്കോട് റൂറൽ ജില്ലാ ട്രൈബൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെയും കോടഞ്ചേരി പോലീസിന്റെയും നേതൃത്വത്തിൽ കോടഞ്ചേരി വട്ടച്ചിറ ഉന്നതിയിലെ യുവതീയുവാക്കൾക്കായി അടിസ്ഥാന കംപ്യൂട്ടർ പരിശീലനവും ഫുട്‌ബോൾ ടൂർണമെന്റും സംഘടിപ്പിച്ചു. ​വട്ടച്ചിറ ഉന്നതി സാംസ്കാരിക നിലയത്തിൽ നടന്ന കംപ്യൂട്ടർ പരിശീലനം റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ താമരശ്ശേരി ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ മുഖ്യാതിഥിയായിരുന്നു. ​റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ ആർ. ശ്രീകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റിയാനസ് സുബൈർ, പഞ്ചായത്തംഗങ്ങളായ ബാബു പട്ടരാട്ട്, സത്യൻ ചോലയിൽ, കോടഞ്ചേരി എസ്.എച്ച്.ഒ വി.കെ. റസാഖ്, വട്ടച്ചിറ ഉന്നതി ഊരു മൂപ്പൻ കെ. അയ്യപ്പൻ, എസ്.ടി പ്രമോട്ടർ ശ്യാം കിഷോർ, സബ് ഇൻസ്പെക്ടർ സി.കെ. ബീന എന്നിവർ പ്രസംഗിച്ചു. സൈബർ മേഖലയിലെ ചതിക്കുഴികളെക്കുറിച്ച് സബ് ഇൻസ്പെക്ടർ കെ.സി. പ്രദീപ് ക്ലാസെടുത്തു. കംപ്യൂട്ടർ പരിശീലകൻ ജിതിൻ പി. ബാബു ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാന കാര്യങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ വിവിധ ഉന്നതികളിലെ ഊരു മൂപ്പന്മാരെയും മുതിർന്നവരെയും ജില്ലാ പോലീസ് മേധാവി പൊന്നാട അണിയിച്ച് ആദരിച്ചു. ​വട്ടച്ചിറ ഉന്നതി ഗ്രൗണ്ടിൽ നടന്ന ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റ് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ഫുട്‌ബോൾ ടീം അംഗങ്ങൾക്ക് ഫുട്‌ബോളും സ്പോർട്സ് കിറ്റും വിതരണം ചെയ്തു. കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഉന്നതികളിൽ നിന്നുള്ള ആറ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഇതോടൊപ്പം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് ടീമും ഉന്നതികളിൽ നിന്നുള്ള ബെസ്റ്റ് ഫൈവ്സ് ടീമും തമ്മിൽ സൗഹൃദ മത്സരവും നടന്നു. ​ആവേശകരമായ ഫൈനൽ മത്സരത്തിൽ ലെജൻഡ്സ് വട്ടച്ചിറയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് പരാജയപ്പെടുത്തി ഗ്രീൻ വാലി വട്ടച്ചിറ ജേതാക്കളായി. ലെജൻഡ്സ് വട്ടച്ചിറയുടെ ജനീഷിനെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com