
കൈകളില്‍ ചാര്‍ട്ടുമായി വന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുന്ന ടിടിഇമാരൊക്കെ പണ്ട്. ടിക്കറ്റ് പരിശോധനയ്ക്കും ഒത്തുനോക്കുന്നതിനും പരിശോധകര്‍ക്ക് ടാബ് നല്‍കിയിരിക്കുകയാണ് റെയില്‍വേ. ഹാന്‍ഡ് ഹെല്‍ഡ് ടെര്‍മിനല്‍ എന്ന സംവിധാനത്തിലൂടെയാണ് 288 ട്രെയിനുകളിലെ ടിടിഇമാരെ റെയില്‍വേ ഹൈടെക്ക് ആക്കുന്നത്. കേരളത്തിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലാണ് (12075/12076) ഈ സംവിധാനം വരിക.
അത്യാവശ്യസാഹചര്യത്തിൽ പരിശോധിക്കാൻ തീവണ്ടിയിലെ ട്രെയിൻ ക്യാപ്റ്റന് ഒരു സെറ്റ് ചാർട്ട് നൽകും. എൻഡ് ടു എൻഡ് വണ്ടികളിലാണ് (ഒരു ടി.ടി.ഇ. തന്നെ തുടക്കം മുതൽ അവസാനം വരെ ടിക്കറ്റ് പരിശോധിക്കുന്ന വണ്ടികൾ) ഇതുപയോഗിക്കുക. 2018-ൽ രാജധാനി, ഗരീബ്‌രഥ്, തുരന്തോ, ശതാബ്ദി ഉൾപ്പെടെയുള്ളവയിൽ ഈ സംവിധാനം ഉപയോഗിച്ചുതുടങ്ങി. പിന്നീട് ചില സൂപ്പർഫാസ്റ്റിലുകളിലേക്കും സംവിധാനം വ്യാപിപ്പിച്ചു. 4ജി സിം ആണ് ടാബിൽ ഉപയോഗിക്കുന്നത്.
ടിക്കറ്റ് റിസർവ് ചെയ്ത് സീറ്റുറപ്പാക്കാൻ കഴിയാത്ത യാത്രക്കാർ ഒഴിവുള്ള സീറ്റിന് ടി.ടി.ഇ.യുടെ പിന്നാലെ നടക്കുന്നത് ട്രെയിനിലെ പതിവ് കാഴ്ചയാണ്. എന്നാൽ ഓരോ ചാർട്ടിങ് സ്റ്റേഷനിൽനിന്നും ചാർട്ട് കൈയിൽ കിട്ടിയാൽ മാത്രമേ സീറ്റ് ഒഴിവുള്ള കാര്യം മനസ്സിലാക്കാൻ പറ്റൂ. ഹാൻഡ് ഹെൽഡ് ടെർമിനൽ വന്നാൽ തീവണ്ടിയിൽനിന്നുതന്നെ സീറ്റ് ലഭ്യത നോക്കാം. ഒഴിവുള്ളത് അനുവദിക്കുകയും ചെയ്യാം.
ഉദാഹരണത്തിന് മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് 5.30-ന് പുറപ്പെടുന്ന ഒരു വണ്ടിയുടെ മെയിൻ ചാർട്ട് വണ്ടി പുറപ്പെടുന്നതിന് മൂന്നുമണിക്കൂർമുൻപ് തയ്യാറാകും. വണ്ടി പുറപ്പെടുന്നതിന് അരമണിക്കൂർ മുൻപ് കറന്റ് ബുക്കിങ് ചാർട്ട് പൂർത്തിയാകും. ഇവ ടി.ടി.ഇ.മാർക്ക് നൽകും. വണ്ടിയിൽ ഒഴിവുള്ള സീറ്റുകളുടെ (ബർത്ത്) വിവരം കിട്ടാൻ അടുത്ത ചാർട്ടിങ് സ്റ്റേഷനായ കണ്ണൂരിലെത്തണം. ഇതിനിടയിൽ സീറ്റൊഴിവുണ്ടോ എന്നറിയാൻ ടി.ടി.ഇ.മാർക്ക് നിർവാഹമില്ല. ഈ കുറവ് ഹാൻഡ് ഹെൽഡ് ടെർമിനൽ (എച്ച്.എച്ച്.ടി.) സംവിധാനം പരിഹരിക്കും



