MUKKAMNews

രണ്ടു വർഷമായിട്ടും മുക്കം ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല.

മുക്കം: രണ്ടു വർഷമായിട്ടും ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയായില്ല. 600 മീറ്റർ ദൂരം 7 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന പദ്ധതി തുടങ്ങിയതു 2020 സെപ്റ്റംബർ 17ന് ആയിരുന്നു. പകുതിയിലേറെ പ്രവൃത്തികൾ ഇനിയും പൂർത്തിയാകാതെ കിടക്കുന്നു. ദുരിതം പേറി വ്യാപാരികളും യാത്രക്കാരും വലയുകയാണ്. ഓരോ ആഘോഷവേളകൾ വരുമ്പോഴും അതിനു മുൻപേ പണി പൂർത്തിയാക്കണമെന്ന വ്യാപാരികളുടെ ആവശ്യം കരാറുകാർ അവഗണിക്കുകയാണു പതിവ്. സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചുള്ളതാണു പദ്ധതി. അഭിലാഷ് ജംക്‌ഷനു താഴെ ഫെഡറൽ ബാങ്ക് മുതൽ അരീക്കോട് റോഡിൽ അരീക്കോട് പാലം വരെയും ഫെഡറൽ ബാങ്ക് മുതൽ മുക്കം ആലിൻചുവട് വരെയുമുള്ള 600 മീറ്ററാണ് സൗന്ദര്യവൽക്കരണം നടത്തേണ്ടത്.

പൂട്ടുകട്ട പാകുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. നടപ്പാതകളുടെ പണിയും നടന്നു. ടാറിങ് നടപടികൾ ഇനിയും പൂർത്തിയാക്കാനുണ്ട്. അവസാന വട്ട ടാറിങ് ആണ് നടക്കേണ്ടത്. മീഡിയൻ സ്ഥാപിച്ചു പൂക്കൾ നട്ടുപിടിപ്പിക്കേണ്ടതുണ്ട്. ഇതിനായി റോഡിന് നടുവിൽ മണ്ണ് നിറയ്ക്കുന്ന പണി തുടങ്ങിയിട്ട് ആഴ്ചകളായി. ഇനിയും പൂർത്തിയായില്ല. വിളക്കുകൾ സ്ഥാപിക്കുന്ന നടപടികളും എങ്ങുമെത്തിയില്ല. 14 മീറ്റർ വീതിയിലാണു റോ‍‍‍ഡ് നവീകരിക്കേണ്ടത്. അതിനിടെ പിസി ജംക്‌ഷനിൽ ടാറിങ് നടത്തിയ സ്ഥലം പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയിട്ടുമുണ്ട്. വ്യാപാരികളുടെ വിവിധ സംഘടനകൾ സമരം ചെയ്തിട്ടും ഫലം കണ്ടില്ല.ഇതിനിടയിൽ പണി ആകെ നിലച്ച അവസ്ഥയും ഉണ്ടായി. തുടക്കം മുതലേ പ്രവൃത്തി മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയർന്നിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com