
കൂടരഞ്ഞി: പൂവാറൻതോട് -ചാലിയാർ നിലമ്പൂർ പി.ഡബ്ല്യു.ഡി. റോഡ് ഒടുവിൽ ഗതാഗതയോഗ്യമാക്കാൻ ടെൻഡർ നടപടിയായി. ഈ മാസം 23-ന് ടെൻഡർ തുറക്കും. നിറയെ ചെളിയും കല്ലുകളും അടിഞ്ഞു കൂടി വാഹനഗതാഗതം അസാധ്യവും കാൽനടയാത്ര ദുസ്സഹവുമായ ഈ മലയോര റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ നാട്ടുകാർ ശക്തമായ സമരപരിപാടികൾ നടത്തിയിരുന്നു.
തുടർന്ന് ലിൻ്റോ ജോസഫ് എം എൽഎയും പഞ്ചായത്ത് അംഗം റോയി ആക്കേലും ഇടപെട്ട് സർക്കാർ തലത്തിൽ നടത്തിയ നീക്കത്തെ തുടർന്നാണ് പ്രവൃത്തി ടെൻഡർ ചെയ്തത്. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ, പൂവാറൻതോട്, മേടപ്പാറ പ്രദേശത്തെ ഒട്ടേറെ കർഷക കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് കാലങ്ങളായി അവഗണനയിൽ കിടക്കുന്നത്. മേടപ്പാറയിൽ നിന്നു ചാലിയാർ റോഡിൽ ഏതാണ്ട് രണ്ട് കിലോമീറ്റർ ഭാഗമാണ് ഏറെ തകർന്നു കിടക്കുന്നത്.
കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര റോഡ് ആയിട്ടും കനത്ത അവഗണനയായിരുന്നു ഈ പ്രദേശത്തോട്. പൂവാറൻതോട്, മേടപ്പാറ, ഉടുമ്പുപാറ, ഉറുമി, നായാടംപൊയിൽ, കക്കാടംപൊയിൽ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
റോഡ് പ്രവൃത്തിയും ഓടയും ഗതാഗത സുരക്ഷാ സംവിധാനവും ഉൾപ്പെടെയുള്ള തുക ഉൾപ്പെടുത്തിയാണ് ടെൻഡർ ചെയ്തത്.



