News

ആക്ടിവിസ്റ്റുകളായ കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

പാലക്കാട്:ശബരിമലയിൽ യുവതി പ്രവേശന വിധി വന്നതിന് ശേഷം ശബരിമല കയറി വിവാദത്തിലായ കനകദുർഗയും ആദിവാസി ഭൂമി പ്രശ്നത്തിൽ അയ്യങ്കാളി പട പാലക്കാട് ജില്ലാ കളക്ടറെ ബന്ദിയാക്കിയ സമരത്തിലെ പ്രധാനി വിളയോടി ശിവൻകുട്ടിയും വിവാഹിതരായി.

പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ  സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും  വളരെ  അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. 

ശബരിമല സമരകാലത്താണ് കനക ദുർഗയെ അറിയുന്നതെന്ന് വിളയോടി ശിവൻകുട്ടി പറഞ്ഞു. പിന്നീട് ഫെയ്സ് ബുക്ക് സുഹൃത്തുക്കളായിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസമാണ് പരസ്പരം കണ്ടുമുട്ടിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് അടുത്ത സുഹൃത്തുക്കളായതോടെ ഒരുമിച്ച് ജീവിയ്ക്കാൻ തീരുമാനിയ്ക്കുകയായിരുന്നു.

രണ്ടു പേരും കൃത്യമായ നിലപാടുകൾ ഉള്ളവരാണെന്നും അതെല്ലാം അങ്ങനെ തുടരുമെന്നും വിളയോടി ശിവൻകുട്ടിയും കനക ദുർഗയും വ്യക്തമാക്കി. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയ കനക ദുർഗ ശബരിമല കയറിയതുമായി ബന്ധപെട്ട് ഭര്‍ത്താവുമായുണ്ടായ തര്‍ക്കമാണ്  വിവാഹ മോചനത്തില്‍ കലാശിച്ചത്.  അഭിഭാഷകര്‍ മുഖേനയുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം പരസ്പ്പര ധാരണയിലായിരുന്നു വിവാഹ മോചനം. വിവാഹ മോചനത്തിന്  പിന്നാലെ കരാര്‍ പ്രകാരം വീട് മുൻ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒഴിഞ്ഞുകൊടുത്ത് കനകദുര്‍ഗ പെരിന്തല്‍മണ്ണയിലെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. 

സുപ്രീം കോടതി വിധിയെ തുടർന്ന് 2019 ജനുവരി രണ്ടിനാണ് കനക ദുർഗയും സുഹൃത്ത് ബിന്ദു അമ്മിണിയും ശബരിമല കയറിയത്. തുടർന്ന് വൻകോലാഹലങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 

അയങ്കാളിപടയിലെ പ്രവർത്തകരായിരുന്ന കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശൻ, അജയൻ മണ്ണൂർ, വിളയോടി ശിവൻകുട്ടി എന്നീ പൊതുപ്രവർത്തകർ 1996ലാണ്  പാലക്കാട് സിവിൽ സ്റ്റേഷനിൽ കളക്ടറെ ബന്ദിയാക്കി സമരം നടത്തിയത്. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാർഥ സമരനായകനാണ് വിളയോടി ശിവൻകുട്ടി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com