തിരുവമ്പാടി : ചെന്ന്യായപ്പാറ തൂക്കുപാലം അപകട ഭീഷണിയിൽ. പാലത്തെ ബന്ധിപ്പിച്ചുനിർത്തിയ ഒരുബാറിന്റെ കൊളുത്ത് അടർന്നുവീണ് പാലം ചെരിഞ്ഞ് നിൽക്കുകയാണ്.
കൊടക്കാട്ട്പാറ ഭാഗത്തെ ബന്ധിപ്പിച്ചുനിർത്തിയ കൊളുത്താണ് പൊട്ടിയത്. ആടിയുലയുന്ന പാലത്തിൽ ആളുകൾ സഞ്ചരിക്കുന്നത് അപകടഭീഷണി വകവെക്കാതെ.നിറയെ പാറകളുള്ള പുഴയാണിത്. കുത്തൊഴുക്ക് കൂടിയ പുഴയായതിനാൽ വലിയ അപകടം പതിയിരിക്കുന്നു.ഏറെ ചുറ്റിവളഞ്ഞ് പോകുന്നത് ഒഴിവാക്കാനാണ് ഭീഷണി വകവക്കാതെ ആളുകൾ ഈ പാലത്തെത്തന്നെ ആശ്രയിക്കുന്നത്.കാളിയാമ്പുഴയുടെ കൊടക്കാട്ട്പാറ ഭാഗത്താണ് പാലം.
മേലെ പൊന്നാങ്കയം ആദിവാസികോളനി അന്തേവാസികൾ, കെ.പി. എസ്റ്റേറ്റ് തൊഴിലാളികൾ ഉൾപ്പെടെ നാല്, അഞ്ച് വാർഡുകളിലായി നൂറുകണക്കിന് മലയോര കുടിയേറ്റ കർഷകകുടുംബങ്ങൾ ആശ്രയിക്കുന്ന പാലമാണിത്.പത്ത് വർഷത്തിലേറെ പഴക്കമുണ്ട്. പഞ്ചായത്ത് എൻജിനിയർ പാലം പരിശോധിച്ച് സഞ്ചാരയോഗ്യമല്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പാലം അടച്ചെങ്കിലും തടസ്സങ്ങൾമാറ്റി നാട്ടുകാർ സഞ്ചാരം നിർബാധം തുടരുകയാണെന്ന് വാർഡ് അംഗം കെ.ഡി. ആന്റണി പറഞ്ഞു. അറ്റകുറ്റപ്പണികൾ എളുപ്പം സാധ്യമല്ല. സാങ്കേതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.



