
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാഹനപാർക്കിങ്ങിന് കൂടുതൽ സ്ഥലം മാറ്റിവെക്കാൻ പാലക്കാട് ഡിവിഷൻ ഡി.ആർ.എം. ത്രിലോക് കോത്താരി നിർദേശിച്ചു. അറ്റകുറ്റപ്പണികളും സിഗ്നൽ സംവിധാനവും വിലയിരുത്തുന്നതിന്റെ ഭാഗമായി ശനിയാഴ്ച സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യമാവശ്യപ്പെട്ടത്.
കൊയിലാണ്ടി, വെസ്റ്റ്ഹിൽ, വെള്ളയിൽ സ്റ്റേഷനുകളിലും അദ്ദേഹം സന്ദർശനം നടത്തി. വെള്ളയിൽ പ്ലാറ്റ്‌ഫോമിന്റെ നീളംകൂട്ടുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം സ്റ്റേഷൻ സംരക്ഷണസമിതി ഭാരവാഹികളോട് പറഞ്ഞു. നാലുട്രെയിനുകൾക്ക് കൂടി സ്റ്റോപ്പനുവദിക്കണമെന്നും കാടുകയറിയ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും സംരക്ഷണസമിതി ഭാരവാഹികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.കാടുകയറുന്ന കാര്യത്തിൽ റെയിൽവേക്ക് ഒന്നുംചെയ്യാൻ കഴിയില്ലെന്നും നാട്ടുകാർ മുൻകൈയെടുത്ത് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ്ഹിൽ, കോഴിക്കോട് റെയിൽവേസ്റ്റേഷനുകൾ അടുത്തായതുകൊണ്ടാണ് പുതിയ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള തടസ്സം. വിഷയത്തിൽ പരിശോധിച്ച് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനാണെങ്കിലും ഇരിക്കാൻപോലും സൗകര്യമില്ല. പ്ളാറ്റ്ഫോംനിറയെ കാടുകയറിയതിനാൽ ഇഴജന്തുക്കളെക്കൂടി പേടിക്കേണ്ട അവസ്ഥയാണ്. ടിക്കറ്റ് നൽകുന്ന ഹാൾട്ടിങ് ഏജന്റിന്റെ മുറിയുടെ അവസ്ഥയും ശോചനീയമാണ്. അറ്റകുറ്റപ്പണി നടക്കുന്നുണ്ടെങ്കിലും അതിന് വേഗം പോരാ. ഇക്കാര്യങ്ങൾ സംരക്ഷണസമിതി കൺവീനർ സെയ്ദ് കമാൽ, ജോയന്റ് കൺവീനർ സുധീർ ശേഖർ പാലക്കണ്ടി എന്നിവർ ഡിവിഷണൽ മാനേജരെ ബോധ്യപ്പെടുത്തി



