LOCAL NEWSNews

എൻ.ഇ. ബാലകൃഷ്ണ മാരാർ അന്തരിച്ചു

കോഴിക്കോട്∙ പുസ്തക പ്രസാധന രംഗത്തെ കാരണവരായ എൻ.ഇ.ബാലകൃഷ്ണ മാരാർ (90) അന്തരിച്ചു. പൂർണ പബ്ലിക്കേഷൻസിന്റെയും ടൂറിങ് ബുക്ക് സ്റ്റാളിന്റെയും സ്ഥാപകനാണ്. വ്യാഴാഴ്ചയാണ് അദ്ദേഹം നവതി പൂർത്തിയാക്കിയത്. കോവിഡനന്തര ശസ്ത്രക്രിയയെ തുടർന്ന് ഒന്നര വർഷമായി ചികിത്സയിലായിരുന്നു.പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം.

കണ്ണൂർ കൂത്തുപറമ്പിൽ ജനിച്ച മാരാർ 1947ലാണ് കോഴിക്കോട്ടെത്തിയത്. പത്രം ഏജന്റിന്റെ ജോലി ചെയ്തു തുടങ്ങിയ അദ്ദേഹം പത്ര വിതരണത്തിനു ശേഷമുള്ള സമയം പുസ്തകങ്ങൾ വിറ്റു നടന്നു. പുസ്തകങ്ങൾ സൈക്കിളിൽ കൊണ്ടു നടന്നു വിൽപന ആരംഭിച്ചതോടെ ടൂറിങ് ബുക്സ്റ്റാൾ (ടിബിഎസ്) എന്ന പേരും സ്വീകരിച്ചു. 1966ൽ പൂർണ പബ്ലിക്കേഷൻസ് എന്ന സ്ഥാപനം ആരംഭിച്ചു. ഏഴായിരത്തിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മികച്ച പുസ്തക പ്രസാധകനുള്ള അക്ഷര അവാർഡിന് 1990,1996,1997 വർഷങ്ങളിൽ അർഹനായി. റോട്ടറി ക്ലബ്ബിന്റെ 2000ലെ വൊക്കേഷനൽ എക്സലൻസ് അവാർഡ്, ‘കണ്ണീരിന്റെ മാധുര്യം’ എന്ന ആത്മകഥാ ഗ്രന്ഥത്തിന് 2008ലെ അബുദാബി ശക്തി തായാട്ട് അവാർഡ് തുടങ്ങിയ അനേകം പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: എം.സരോജം. മക്കൾ: മനോഹർ മാരാർ, ഡോ. എൻ.ഇ.അനിത. മരുമക്കൾ: പ്രിയ മനോഹർ, ഡോ.സേതുമാധവൻ. സഹോദരങ്ങൾ: നരേന്ദ്രനാഥ്, ശാന്തകുമാരി. സംസ്കാരം ഇന്നു മൂന്നിന് മാവൂർ റോഡ് ശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com