News

ഒടുവിൽ അധികൃതർ കണ്ണുതുറന്നു: ഈങ്ങാപ്പുഴ, വട്ടക്കുണ്ട് പാലങ്ങളുടെ കൈവരികൾ നവീകരിച്ചു

താമരശ്ശേരി : ഈങ്ങാപ്പുഴ, വട്ടക്കുണ്ട് പാലങ്ങളുടെ കൈവരികൾ മാസങ്ങൾനീണ്ട കാത്തിരിപ്പിനുശേഷം നവീകരിച്ച് വശങ്ങളിൽ സുരക്ഷ വർധിപ്പിച്ച് അധികൃതർ. എത്രയോകാലമായി ഒരുവശത്തെ പകുതിഭാഗത്തോളം കൈവരിയില്ലാതായ ഈങ്ങാപ്പുഴ പാലത്തിൽ പുതുതായി കോൺക്രീറ്റ് ചെയ്ത് പുതിയ ഹാൻഡ് റെയിലുകൾ സ്ഥാപിച്ചപ്പോൾ, വട്ടക്കുണ്ട് പാലത്തിൽ രണ്ടിടത്തായി സുരക്ഷാഭിത്തിയൊരുക്കുകയും കൈവരികൾ ബലപ്പെടുത്തി പെയിന്റ്‌ ചെയ്യുകയുംചെയ്തു. കൈവരികൾ തകർന്ന് അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിൽ നിലകൊള്ളുന്ന പാലങ്ങളുടെ ശോച്യാവസ്ഥ സംബന്ധിച്ച് വിവിധ പത്ര-മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കൈവരി സ്ഥാപിക്കുന്നതിന് ടെൻഡർ ആയെന്ന് പി.ഡബ്ല്യു.ഡി. ദേശീയപാതാവിഭാഗം അധികൃതർ അറിയിച്ചിരുന്നെങ്കിലും നവീകരണപ്രവൃത്തി തുടങ്ങാൻ പിന്നെയും വൈകി. നീണ്ട കാത്തിരിപ്പിനുശേഷമാണ് കൈവരികൾ പുനഃസ്ഥാപിക്കാൻ നടപടിയായിരിക്കുന്നത്.ഈങ്ങാപ്പുഴയിൽ കൈവരിയിൽ പകുതിയും പുതിയത്താമരശ്ശേരി ഭാഗത്തുനിന്നുംവരുന്ന വാഹനങ്ങൾ ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് പ്രവേശിക്കുന്നഭാഗത്ത് പുഴയ്ക്ക് കുറുകെ പതിറ്റാണ്ടുകൾക്കുമുമ്പ് പണിത വീതികുറഞ്ഞ ഈങ്ങാപ്പുഴ പാലത്തിൽ ഒട്ടേറേ അപകടങ്ങളാണ് നാളിതുവരെയുണ്ടായത്. ഇടതുവശത്തെ കൈവരിയുടെ നല്ലൊരുഭാഗം വർഷങ്ങൾക്കുമുമ്പെ വാഹനമിടിച്ചും അവശേഷിക്കുന്നഭാഗം കാലപ്പഴക്കം കൊണ്ടും തകർന്നപ്പോൾ ടാർവീപ്പകൾ നിരത്തിയിട്ടാണ് താത്കാലിക സുരക്ഷയൊരുക്കിയത്. എന്നാൽ വാഹനങ്ങൾ ഇടിച്ച് അവ പുഴയിലേക്ക് പതിച്ചത് വാർത്തയായതോടെ വീണ്ടും ഏതാനും ടാർവീപ്പകൾ കൂട്ടിക്കെട്ടി തകർന്ന കൈവരിയുടെ ഭാഗത്ത് സ്ഥാപിച്ചു. പിന്നീട് നവീകരണപ്രവൃത്തിക്ക്‌ ടെൻഡർ ആയെങ്കിലും കോവിഡ് ഉൾപ്പെടെയുള്ള സാഹചര്യവും സാങ്കേതികത്വ പ്രതിബന്ധങ്ങളും കാരണം പ്രവൃത്തി പിന്നെയും നീളുകയായിരുന്നു.കാത്തിരിപ്പിനുശേഷം തകർന്ന ഭാഗത്തെങ്കിലും കൈവരി പുനഃസ്ഥാപിക്കപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യാത്രികരും നാട്ടുകാരും. കാടുപിടിച്ചുകിടന്നിരുന്ന ഭാഗം വെട്ടിത്തെളിച്ച കരാറുകാർ കോൺക്രീറ്റ് ഭിത്തിയൊരുക്കി മുന്നറിയിപ്പ് ബോർഡുകളും റിഫ്ളക്ടറുകളും സ്ഥാപിച്ചുകഴിഞ്ഞു. ഇതിനോടുചേർന്ന് പുതിയ ഇരുമ്പുകമ്പികൾ ഘടിപ്പിച്ച് തകർന്നഭാഗത്ത് പുതിയ കൈവരിയും വെള്ളിയാഴ്ച സ്ഥാപിച്ചു. ഈഭാഗത്ത് ശനിയാഴ്ച പെയിന്റ്‌ ചെയ്ത് പ്രവൃത്തി പൂർത്തീകരിക്കുമെന്ന് കരാറുകാർ അറിയിച്ചു.വട്ടക്കുണ്ടിൽ മുഖംമിനുക്കി കൈവരികോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്കായി ബ്രിട്ടീഷുകാർ ദശാബ്ധങ്ങൾക്കുമുമ്പ് വട്ടക്കുണ്ട് തോടിന് കുറുകെ നിർമിച്ച പാലത്തിലുണ്ടായ അപകടങ്ങൾക്ക് കൈയും കണക്കുമില്ല. ഇടുങ്ങി പാലത്തിന്റെ കൈവരി തകർന്നതും കൊടുംവളവും വാഹനങ്ങളുടെ അതിവേഗവുമാണ് പാലത്തെ സ്ഥിരം അപകടമേഖലയാക്കുന്നത്. അപകടങ്ങളെത്തുടർന്ന് കൈവരി തകരുന്നത് പതിവായ ഇവിടെ ദശകങ്ങളുടെ ഇടവേളകളിൽ മാത്രമാണ് പലപ്പോഴും തകർന്ന ഭാഗത്ത് നവീകരണപ്രവൃത്തികൾ നടത്താറുള്ളത്. ഏറെക്കാലമായി കൈവരി തകർന്നഭാഗത്ത് പഴയ ഹാൻഡ് റെയിൽ വെൽഡ് ചെയ്ത് സ്ഥാപിച്ചായിരുന്നു പൊതുമരാമത്ത് അധികൃതർ താത്‌കാലിക സംവിധാനമൊരുക്കിയത്.കൈവരിനവീകരണം ഏറ്റെടുത്ത കരാറുകാർ ഈ കൈവരിയിലെ തകരാറുകൾ പരിഹരിക്കുകയും വാഹനങ്ങൾ പ്രവേശിക്കുന്ന വശങ്ങളോടുചേർന്ന ഭാഗത്ത് സംരക്ഷണഭിത്തിയൊരുക്കി റിഫ്ളക്ടറുകൾ സ്ഥാപിക്കുകയുംചെയ്തു. പഴയ ഇരുമ്പുകമ്പികളിൽ തന്നെയാണ് നവീകരണം നടപ്പാക്കിയതെങ്കിലും വശങ്ങളിലെ കാട് വെട്ടിത്തെളിച്ച് സംരക്ഷണഭിത്തിയുടെ ഭാഗത്തും കൈവരിയിലും പെയിന്റ്‌ ചെയ്തതിനാൽ പാലത്തിനിപ്പോൾ പുതിയഭാവമാണ്.ദേശീയപാത നവീകരണത്തിന്റെ ഭാഗമായി വട്ടക്കുണ്ടിൽ നിലവിലെ പാതമാറ്റി പുതിയ പാലം പണിയുന്നതിന് ഭരണാനുമതിയായ സാഹചര്യത്തിലാണ് പുതിയ കൈവരികൾ സ്ഥാപിക്കുന്നതിനുപകരം പഴയത് താത്കാലികമായി നവീകരിച്ചതെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ പറയുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com