KODIYATHOORLOCAL NEWSNews

വിദ്യാര്‍ഥിയുടെ ദാരുണ മരണം:കലോത്സവം വഴിമാറിയത് തീരാ ദുഃഖത്തിന്

ആദര സൂചകമായി രണ്ടു ദിനം (ഒക്ടോ:18,19) സ്കൂളിന് അവധി

മുക്കം:കൊവിഡ് മൂലം രണ്ട് വർഷമായി മുടങ്ങിയ കലോത്സവം പുനരാരംഭിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു പി.ടി.എം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.ഒന്നാം ദിനത്തിലെ പരിപാടികള്‍ പൂര്‍ത്തിയാവാനിരിക്കെയാണ് സ്കൂള്‍ കോമ്പൗണ്ടില്‍ വെച്ച്  വിദ്യാര്‍ഥിയുടെ ദാരുണ മരണം സംഭവിച്ചത്. രാവിലെ മുതൽ സ്കൂള്‍  മുറ്റത്ത് കൂട്ടുകാരോടൊപ്പം മത്സരങ്ങൾ ആസ്വദിച്ചിരുന്ന സഹപാഠിക്ക് അപകടം പറ്റിയതറിഞ്ഞതോടെ സ്കൂള്‍ അങ്കണം ശോകമൂകമായി.  സ്‌കൂളിലെ രണ്ട് ബസുകള്‍ക്കിടയില്‍  പെട്ടാണ്  ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂർ തമ്പലങ്ങാട്ട് കുഴി ബാവയുടെ മകന്‍  മുഹമ്മദ് ബാഹിഷ് അപകടത്തിൽപെടുന്നത് .സ്കൂള്‍ കോമ്പൗണ്ടില്‍ നിർത്തിയിട്ട രണ്ട് സ്കൂള്‍  ബസുകളിൽ ഒന്ന് മുന്നോട്ട് എടുത്തപ്പോൾ ബസിൻ്റെ പിൻചക്രം കുഴിയിൽ വീഴുകയും ഇതോടെ നിർത്തിയിട്ട ബസ്സിനിടയില്‍  വിദ്യാർത്ഥി കുടുങ്ങുകയുമായിരുന്നു എന്നാണ് വിവരം. കലോത്സവം നടന്നു കൊണ്ടിരിക്കെ  ശുചിമുറിയില്‍ നിന്നും  കുട്ടി തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് അധ്യാപകർ പറയുന്നു.

സ്‌കൂളിൽ എല്ലാ പഠന പാഠ്യേതര വിഷയങ്ങളിലും  മുന്‍ പന്തിയിലായിരുന്നു ബാഹിഷിനെക്കുറിച്ച് അധ്യാപകര്‍ക്കും പറയാനുള്ളത് നല്ല ഓര്‍മകള്‍ മാത്രം.

പി ടി എം ഹെെസ്കൂള്‍ സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗമാണ്‌.  കലോത്സവ ദിനത്തിൽ സ്കൗട്ട് അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാല് വളണ്ടിയര്‍മാരില്‍  ഒരാളായിരുന്നു ബാഹിഷ്.

 തിങ്കൾ മുതൽ ബുധൻ വരെ മൂന്ന് ദിവസങ്ങളിലാണ് കലോത്സവം നിശ്ചയിച്ചിരുന്നത്. അപകടത്തെ തുടർന്ന് കലോത്സവം നിർത്തിവെക്കുകയും സ്കൂളിന് ഇന്നും നാളെയും അവധി നല്‍കുകയും ചെയ്തിട്ടുണ്ട്. പി.ടി.എം സ്കൂളിനും  പാഴൂർ മുന്നൂര്‍ പ്രദേശത്തിനും  ദുഖമുണ്ടാക്കുന്ന  രണ്ടാമത്തെ സംഭവം കൂടിയാണിത്.

ഒരു വർഷം മുമ്പാണ് ഇതേ സ്കൂളിലെ  എട്ടാം ക്ലാസ് വിദ്യാർഥി പാഴൂർ മൂന്നൂര് വായോളി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ഹാഷിം (12) നിപ ബാധിച്ച്  മരിച്ചിരുന്നത്. ക്ഷീര കർഷകനായ പാഴുർ സ്വദേശി ബാവയുടെ മകനായ  ബാഹിഷ്   ഒഴിവുവേളകളിൽ പിതാവിനെ സഹായിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു.എസ് എസ് മുന്നൂര് യൂണിറ്റ് മഴവില്‍ സംഘം സെക്രട്ടറിയും സജീവ പ്രവര്‍ത്തകനുമാണ് ബാഹിഷ്.മുന്നൂര് ഇര്‍ശാദിയ മദ്രസ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.എസ് എസ് എഫ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ ബാഹിഷ് കഴിഞ്ഞ ആഴ്ച്ച നടന്ന മീലാദ് ആഘോഷ പരിപാടികളിലും റാലിയിലും നിറ സാന്നിധ്യമായിരുന്നതിന്‍റെ ഓര്‍മ്മകള്‍ പങ്കു വെക്കുകയാണ് ഉസ്താദുമാരും സഹ പ്രവര്‍ത്തകരും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്മാർട്ടത്തിന് ശേഷം ഇന്ന് മുന്നൂർ ജുമാഅത്ത് പള്ളിയിൽ ഖബറടക്കും

കൊടിയത്തൂർ പി.ടി.എം ഹയർസെക്കൻഡറി സ്കൂൾ അറിയിപ്പ്

ഇന്ന് മരണപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിയോടുള്ള ആദര സൂചകമായി രണ്ടു ദിനം (ഒക്ടോ:18,19) സ്കൂളിന് അവധിയായിരിക്കും എന്ന് പ്രിൻസിപ്പാൾ ബിജു എം.എസ്, ഹെഡ് മാസ്റ്റർ സുധീർ ജി എന്നിവർ അറിയിച്ചു.

റിപ്പോര്ട്ട് :അസീസ് കൊടിയത്തൂര്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com