
താമരശേരിയിൽ കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടുപോയി.മുക്കത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ആവോലം സ്വദേശി മുഹമ്മദ് അഷ്റഫിനെയാണ് തട്ടിക്കൊണ്ടുപോയത്. താമരശേരി വെഴുപ്പൂർ സ്കൂളിനു സമീപം ഇന്നലെ രാത്രി 9.45നാണ് സംഭവം. റോഡരികിൽ ഉപേക്ഷിച്ച സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഹമ്മദ് അഷ്റഫ് സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. കാറിലെത്തിയ സംഘം അഷ്റഫിന്റെ സ്കൂട്ടറിനു കുറുകെ വാഹനം നിർത്തിയശേഷം അഷ്റഫിനെ ബലമായി കാറിൽ കയറ്റികൊണ്ടുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. അഷ്റഫിനെ കാറിൽ കയറ്റുന്നതിനിടെ മറ്റൊരു കാറും സ്ഥലത്തെത്തി.ഇതേ സംഘത്തിൽപെട്ടവരാണ് ആ കാറിലും ഉണ്ടായിരുന്നതെന്നാണ് സൂചന. റോഡിൽ വീണ സ്കൂട്ടർ അരികിലേക്ക് മാറ്റിവച്ചശേഷമാണ് അഷ്റഫിനെ കൊണ്ടുപോയത്. താമരശ്ശേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു



