
കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കളുടെ സമ്മാനത്തുക ആയിരം രൂപയിൽനിന്നു വർധിപ്പിക്കുന്നതു സംബന്ധിച്ച് അടുത്തവർഷം തീരുമാനമെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്തിനുശേഷം വരുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 3 മുതൽ ഏഴുവരെയാണ് കോഴിക്കോട് നഗരത്തിൽ നടക്കുന്നത്.
സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ ഇത്തവണ ശ്രമിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. കൃത്യസമയത്ത് പരിപാടികൾ തുടങ്ങും. മൂന്നു തവണയിലധികം പേരുവിളിച്ചിട്ടും വേദിയിലെത്താത്ത കുട്ടികളുടെ അവസരം നഷ്ടമാവും. മുതിർന്ന കലാകാരൻമാരെയും സാംസ്കാരികപ്രവർത്തകരെയും മുൻകാലങ്ങളിൽ സംസ്ഥാനകലോത്സവങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിദ്യാർഥികളെയും വീണ്ടും വേദിയിലെത്തിച്ച് സാംസ്കാരിക പരിപാടികളും നടത്തും. അപ്പീലുകളും കോടതിവിധികളും ജനപക്ഷത്തുനിന്ന് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനുവരി 3 മുതൽ ഏഴുവരെ 24 വേദികളിലായാണ് കലോത്സവം നടത്തുന്നത്. വെസ്റ്റ്ഹിൽ ക്യാപ്റ്റൻ വിക്രം മൈതാനമാണ് പ്രധാനവേദി.മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. മന്ത്രി എ.കെ.ശശീന്ദ്രൻ, മേയർ ബീന ഫിലിപ്പ്, എം.കെ.രാഘവൻ എംപി, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.കെ രമ, ലിന്റോ ജോസഫ്, കെ.എം സച്ചിൻ ദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡി.ഡയറക്ടർ സി.എ.സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാർഥി കലോത്സവമായ സംസ്ഥാനസ്കൂൾ കലോത്സവത്തിൽ 14,000 കുട്ടികളാണ് മാറ്റുരയ്ക്കുക. ചാംപ്യൻമാരാവുന്ന ജില്ലയ്ക്ക് 117.5 പവനിൽ രൂപകൽപന ചെയ്ത സ്വർണ്ണകപ്പാണ് ഈ വർഷവും നൽകുന്നത്. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെയർമാനായും തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വർക്കിങ് ചെയർമാനായുമുള്ള സംഘാടകസമിതി രൂപീകരിച്ചു. 21 സബ് കമ്മിറ്റികളും രൂപീകരിച്ചു


