LOCAL NEWS

എഐ കാമറകൾ സ്ഥാപിച്ച്‌ മുപ്പതുനാൾ:ജില്ലയിൽ 13,656 ലംഘനങ്ങൾ കണ്ടെത്തി

കോഴിക്കോട്:റോഡുകളിൽ എഐ കാമറകൾ സ്ഥാപിച്ച്‌ മുപ്പതുനാൾ പിന്നിടുമ്പോൾ റോഡ്‌ നിയമലംഘനങ്ങളിൽ വളരെ കുറവ്‌. ഹെൽമെറ്റ്‌ ധരിക്കാതെയുള്ള ഇരുചക്രവാഹനം ഓടിക്കൽ, അമിതവേഗം, സീറ്റ്‌ ബെൽറ്റ്‌ ധരിക്കാതിരിക്കൽ തുടങ്ങി എല്ലാ നിയമലംഘനങ്ങളും കാര്യമായി കുറഞ്ഞു.  ഇതുവരെ എഐ കാമറകൾ  രേഖപ്പെടുത്തിയ കൂടുതൽ കേസുകളും ഹെൽമെറ്റ് ധരിക്കാത്തതിനാണ്‌. മുപ്പത്‌ ദിവസത്തിനിടെ ഹെൽമെറ്റ് ധരിക്കാത്തതിന്‌ 5708 കേസെടുത്തു. ജൂൺ അ‍ഞ്ചുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ 13,656 ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 8955 പേർക്ക് തപാലിൽ പിഴ നോട്ടീസ് അയച്ചു. 

നിയമലം​ഘനങ്ങളിൽ രണ്ടാമത് കാറിലെ സഹയാത്രികർ സീറ്റ് ബെൽറ്റ് ധരിക്കാത്തതാണ്–- ഇതിൽ 4049 കേസുണ്ട്‌. ഡ്രൈവർമാർ സീറ്റ് ബെൽറ്റ് ധരിക്കാത്തതായി 3186 എണ്ണം കണ്ടെത്തി. പിൻസീറ്റ് യാത്രക്കാർ‌ക്ക് ഹെൽമെറ്റ് ഇല്ലാത്തത് 2127, ട്രിപ്പിൾ റൈഡ് 165, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗം 109 എന്നിങ്ങനെ കേസ് രജിസ്റ്റർ ചെയ്തു. ഇതുവരെ 1070 കേസുകളിലായി  5,68,500 രൂപ പിഴയായി ലഭിച്ചു. ഓൺലൈനായും ചേവായൂരിലെ ഓഫീസിലെത്തിയും പണമടയ്‌ക്കുന്നുണ്ട്. 

 വാഹനവുമായി നിരത്തിലിറങ്ങുന്നവർ ഇപ്പോൾ കൂടുതലായി ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കുന്നുണ്ട്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടി കുറഞ്ഞതായും റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സ്മെന്റ് കോഴിക്കോട്) കെ ബിജുമോൻ പറഞ്ഞു. 

ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ നാലുപേരടങ്ങിയ എട്ട് സ്‌ക്വാഡ്‌ ദിവസേന പരിശോധന നടത്തുന്നുണ്ട്. ഇവർ കണ്ടെത്തുന്ന നിയമലംഘനങ്ങളിലും വലിയ കുറവ് വന്നതായും ഉദ്യോ​ഗസ്ഥർ പറഞ്ഞു. 

കാമറ കണ്ടെത്തുന്ന നിയമലംഘനം ചേവായൂരിലെ കൺട്രോൾ റൂമിൽ ഉദ്യോ​ഗസ്ഥസംഘമിരുന്ന് പരിശോധിച്ചശേഷമാണ് നോട്ടീസ് തയ്യാറാക്കുന്നത്. നിയമലംഘനത്തിന്റെ സാങ്കേതിക വശങ്ങൾ, നമ്പർ പ്ലേറ്റ് മങ്ങുന്ന പ്രശ്നം തുടങ്ങിയവ പരിശോധിക്കും. ഇതിൽ സംശയമുള്ളവ മാറ്റിവയ്‌ക്കും. അതുകൊണ്ടാണ് നിയമലംഘനവും നോട്ടീസുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടാകുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com