കാടിറങ്ങി മൃഗങ്ങളെത്തുമ്പോൾ സധൈര്യം നേരിട്ട് രക്ഷാ ദൗത്യം നടത്തിയ ഹുസൈൻ കൽപൂര് ഇനി ഓർമ്മ

മുക്കം∙ കാടിറങ്ങിയെത്തിയ ആനകളും കടുവകളും പുലിയുമൊക്കെ നാടിനെയൊന്നാകെ മുൾമുനയിൽ നിർത്തുമ്പോൾ അവയെ സധൈര്യം നേരിട്ട് രക്ഷാ ദൗത്യം നടത്തിയ ഹുസൈൻ കൽപൂര് ഇനി ഓർമ്മ. തൃശൂർ പാലപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണു മരണം.
കഴിഞ്ഞ 10 വർഷത്തോളമായി വയനാട് വന്യജീവി സങ്കേതത്തിലെ ആർആർടി സംഘത്തോടൊപ്പമുള്ള വെറ്ററിനറി സ്ക്വാഡിലായിരുന്നു ഈ താൽകാലിക ജീവനക്കാരൻ. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സഖറിയയുടെ പ്രധാന സഹായി കൂടിയായിരുന്നു ഹുസൈൻ. 5 വർഷം മുൻപ് വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ കല്ലൂർ കൊമ്പൻ, വടക്കനാട് കൊമ്പൻ എന്നിവയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മയക്കു വെടിയേറ്റു നിന്ന വടക്കനാട് കൊമ്പന്റെ പുറത്തു കയറി റേഡിയോ കോളർ ഘടിപ്പിച്ചത് ഹുസൈനാണ്.
കാട്ടാനകളുടെയും കടുവകളുടെയും നീക്കം മനസ്സിലാക്കുന്നതിനും അവ എവിടെയുണ്ടെന്ന് കണ്ടെത്തുന്നതിനും പ്രത്യേക മിടുക്കുണ്ടായിരുന്നു ഹുസൈന്. വനം വകുപ്പിന്റെ ദ്രുത കർമ സേനയിലെത്തുന്നതിനു മുൻപ് ഉഗ്ര വിഷമുള്ള പാമ്പുകളെ പിടിക്കാൻ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഹുസൈൻ എത്തിയിരുന്നു. കൂടരഞ്ഞി ടോംസ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാരമൂല ജുമുഅത്ത് പള്ളിയിൽ ഹുസൈന്റെ ഖബറടക്കം നടത്തി.




