
പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ കോൺക്രീറ്റ് നിർമ്മാണം
തിരുവമ്പാടി: പുന്നയ്ക്കൽ റോഡിൽ നിർമിക്കുന്ന വഴിക്കടവ് പാലത്തിന്റെ പ്രധാന സ്ലാബ് കോൺക്രീറ്റ് നടത്തി. മലയോര മേഖലയിൽ ഏറെ പഴക്കമുള്ള ഈ പാലം അപകടാവസ്ഥയിൽ ആയിട്ട് ഒത്തിരി വർഷങ്ങളായെങ്കിലും ഈ വർഷമാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. അഞ്ചു കോടി ആണ് പാലം നിർമാണത്തിന് അനുവദിച്ചത്.
33 മീറ്റർ നീളത്തിലാണ് പൊയിലിങ്ങാ പുഴയ്ക്ക് മുകളിലായി വഴിക്കടവിൽ പാലം നിർമാണം ആരംഭിച്ചത്.11 മീറ്റർ വീതിയുള്ള പാലത്തിൽ ഏഴര മീറ്റർ ഗ്യാരിജ് വേയും ഇരുവശത്തും ഒന്നര മീറ്റർ വീതം ഫുട്പാത്തും ഉണ്ടാകും. ഒരു വർഷം കാലാവധിയിലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ഇനി അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തീകരിച്ച് പാലത്തിന്റെ മറ്റ് അനുബന്ധ പ്രവർത്തികളും തീർക്കേണ്ടതുണ്ട്. പാലം നിർമാണം ആരംഭിച്ചതോടെ വാഹന ഗതാഗതം മറ്റ് വഴിയിലൂടെ തിരിച്ചു വിട്ടിരുന്നു.എന്നാൽ പുഴ കടക്കാൻ താത്ക്കാലിക നടപ്പാലം ഉണ്ടാക്കിയെങ്കിലും വേനൽ മഴയിൽ ഈ നടപ്പാലം ഒലിച്ചു പോയിരുന്നു. പ്രധാന സ്ലാബിന്റെ നിർമാണം പൂർത്തീകരിച്ചതോടെ താത്ക്കാലികമായി പാലത്തിലൂടെ നടന്നുപോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് സൗകര്യമുണ്ടാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.



